അദാനി-എംഎസ്‌സി ഡീൽ: വിഴിഞ്ഞത്ത് വൻ വിദേശ നിക്ഷേപത്തിന്റെ പുത്തൻ നാഴികക്കല്ല്

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയപ്പോൾ. photo credit: facebook/ VizhinjamSeaportOfficial
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ വൻ വിദേശനിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി). തുറമുഖത്തിന്റെ 49 ശതമാനം ഓഹരിയാണ് എംഎസ്‌സി സ്വന്തമാക്കാനൊരുങ്ങുന്നത്. കമ്പനിയുടെ ഉപ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ) 13,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തുക. സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്.
ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിഴിഞ്ഞം തുറമുഖത്തിലേക്കെത്തുന്നത്. വിഴിഞ്ഞത്ത് ഇപ്പോൾ തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ടിഇയുവാണ്(ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്) നിലവിലെ കണ്ടെയ്നർ കൈകാര്യ ശേഷി. 2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയർന്ന് 57 ലക്ഷം ടിഇയു ആകും.
വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്തുന്നതിനും പശ്ചാത്തല വികസനം ദ്രുതഗതിയിലാകുന്നതിനും എംഎസ്‌സിയുടെ ഈ വമ്പൻ നിക്ഷേപം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ളത് കൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തിൽ സ്വീകരിക്കാൻ കഴിയും.
എംഎസ്‍സിയുടെ ഉപവിഭാഗമായ ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്നർ ടെർമിനലുകൾ ടിഐഎൽ നിലവിൽ നിയന്ത്രിക്കുന്നുണ്ട്.പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകളാണ് ടിഐഎൽ കൈകാര്യം ചെയ്യുന്നത്
Source link
NEWS


