test del 1

സ്വർണമോ വെള്ളിയോ അല്ല,​ നിക്ഷേപകർ പണം ഒഴുക്കുന്നത് മുഴുവൻ ഇതിലേക്ക്

കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളെ അവഗണിച്ച് രാജ്യത്തെ ചെറുകിട നിക്ഷേപകർ ഓഹരി വിപണിയിലേക്ക് ആവേശത്തോടെ പണമൊഴുക്കുന്നു. മാർച്ചിൽ സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) മ്യൂച്വൽ ഫണ്ടുകളിലെത്തിയ തുക റെക്കാഡ് ഉയരമായ 32,087 കോടി രൂപയിലെത്തി. ഫെബ്രുവരിയിലെ എസ്.ഐ.പി നിക്ഷേപമായ 29,845 കോടി രൂപയിൽ നിന്ന് എട്ട് ശതമാനം വർദ്ധനയുണ്ടായി. മുൻവർഷം മാർച്ചിലെ 25,925 കോടി രൂപയിൽ നിന്ന് 24 ശതമാനം ഉയർന്നു.

മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് എസ്.ഐ.പി നിക്ഷേപങ്ങളുടെ മൊത്തം മൂല്യം 15,10,942.99 കോടി രൂപയാണ്. രാജ്യത്തെ ഓഹരി വിപണിയുടെ മൊത്തം ആസ്‌തിയുടെ 20.5 ശതമാനം തുകയാണിത്. നിലവിൽ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9,71,85,691ൽ ആണ്. മ്യൂച്വൽ ഫണ്ട് മേഖലയിൽ സ്ഥിരതയുള്ള നിക്ഷേപ പങ്കാളിത്തമാണ് ദൃശ്യമാകുന്നതെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) ചീഫ് എക്‌സിക്യുട്ടീവ് വെങ്കട് ചലാസനി പറഞ്ഞു. തുടർച്ചയായ 61ാം മാസമാണ് ആഭ്യന്തര നിക്ഷേപ ഒഴുക്കിൽ വർദ്ധനയുണ്ടാകുന്നത്.

ഓഹരി മ്യൂച്വൽ ഫണ്ടുകൾക്കും തിളക്കം

ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കും റെക്കാഡ് പണമൊഴുക്കാണ് കഴിഞ്ഞ മാസമുണ്ടായത്. മാർച്ചിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 56 ശതമാനം വളർച്ചയോടെ 40,450 കോടി രൂപയിലെത്തി. ഫെബ്രുവരിയിൽ മ്യൂച്വൽ ഫണ്ടുകളിൽ 25,977 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. മുൻവർഷം ഇതേകാലയളവിലെ 25,082 കോടി രൂപയിൽ നിന്നും 61 ശതമാനം വളർച്ചയുണ്ടായി. ഫ്ളെക്‌സിക്യാപ്പ് ഫണ്ടുകളിലേക്കാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ പണമെത്തിയത്. 10,054 കോടി രൂപ.

കടപ്പത്രങ്ങൾക്ക് പ്രിയം കുറയുന്നു

മാർച്ചിൽ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ചു. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഇക്കാലയളവിൽ 2.94 ലക്ഷം കോടി രൂപയാണ് പുറത്തേക്ക് ഒഴുകിയത്.

വിദേശ നിക്ഷേപ പിന്മാറ്റം ശക്തം

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമായി തുടരുകയാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള നാല് മാസത്തിൽ വിദേശ നിക്ഷേപകർ 1.77 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. എന്നാൽ ആഭ്യന്തര നിക്ഷേപ ഒഴുക്ക് ശക്തമായതിനാൽ വിപണിയിൽ കനത്ത തകർച്ച ഒഴിവായി.


Source link

Back to top button