സ്വര്‍ണവും വെള്ളിയും വാങ്ങി സൂക്ഷിച്ചവര്‍ എന്ത് ചെയ്യും ? അറിയണം മാര്‍ക്കറ്റിലെ ട്രെന്‍ഡ്

സാധാരണയായി ഒരു യുദ്ധം വരുമ്പോള്‍ സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ദ്ധിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധം ഒന്നര മാസം പിന്നിടുമ്പോള്‍ സ്ഥിതി മറിച്ചാണ്. റെക്കോഡ് മുന്നേറ്റം നടത്തി സ്വര്‍ണവും വെള്ളിയും കുതിച്ചപ്പോഴാണ് യുദ്ധമെത്തിയത്. ഇതോടെ വില കുത്തനെ കുറഞ്ഞു. കേരളത്തില്‍ 1.30 ലക്ഷം എന്ന വിലയില്‍ നിന്ന് ഒരുവേള 99,000ലേക്ക് പോലും വില കൂപ്പ്കുത്തിയിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സാധനം വാങ്ങിക്കൂട്ടിയവരാണ് ഇതോടെ പെട്ടുപോയത്.
യുദ്ധം മുറുകുമ്പോഴും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില താഴേക്ക് പോകുന്നത് നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയിരുന്നു. 2025ല്‍ സ്വര്‍ണ വില 75 ശതമാനമാണ് വര്‍ദ്ധിച്ചത്. വെള്ളിയാകട്ടെ വളര്‍ച്ച സ്വര്‍ണത്തേയും കടത്തി വെട്ടി 165 ശതമാനവുമായി മുന്നേറി. 2026 വില വര്ദ്ധനവിന്റേതായിരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് യുദ്ധം എത്തിയതും വില കുറഞ്ഞതും. പ്രവചനങ്ങള്‍ വിശ്വസിച്ച് നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങി കൂട്ടിയവര്‍ ഇപ്പോള്‍ കൈയിലുള്ള സ്വര്‍ണം വില്ക്കാന് കഴിയാത്ത സ്ഥിതിയിലാണ്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വാങ്ങിക്കൂട്ടിയവരെ സംബന്ധിച്ച് ഇപ്പോള്‍ വിറ്റ് ഒഴിവാക്കിയാല്‍ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. ഒരിക്കലും ഹ്രസ്വകാല നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കാതിരിക്കുകയെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സമാനമാണ് വെള്ളിയുടെ കാര്യവും. യുദ്ധം തുടങ്ങിയതിന് പിന്നാലെ വില കുറഞ്ഞതോടെ നേരത്തെ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവര്‍ ട്രെന്‍ഡ് മനസ്സിലാക്ക് വില്‍പ്പന നടത്തി ലാഭമെടുപ്പിലേക്ക് തിരഞ്ഞതും വില പിന്നെയും കുറച്ചു.
പ്രധാനമായും നാല് കാരണങ്ങളാണ് സ്വര്‍ണം താഴെപ്പോകാനുള്ള കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടത്. പലിശ നിരക്കില്‍ വന്ന മാറ്റവും വ്യവസായ മേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യവും പ്രധാന കാരണങ്ങളാണ്. ഇതിന് പുറമേ വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ സ്വര്‍ണം വിറ്റ് ഒഴിവാക്കിയതും വില കുറയുന്നതിലേക്ക് നയിച്ചു. സ്വന്തം രാജ്യത്തെ കറന്‍സികള്‍ തകരാതിരിക്കാന്‍ റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നു.
Source link


