test del 3

‘ചൂടും പടക്കവും ചേർന്നപ്പോൾ ഓട്ടോ ഇഗ്നിഷൻ അപകടം?; ഡിഎൻഎ പോലും വേർതിരിക്കാൻ കഴിഞ്ഞില്ല’


തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് പുര ദുരന്തത്തിന് പിന്നാലെ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനുമുള്ള സങ്കീർണമായ പ്രക്രിയകൾക്കും നേതൃത്വം നൽകിയ തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ തന്റെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.മുമ്പ് നടന്ന ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലും കടലുണ്ടി തീവണ്ടിയപകടവും പൂക്കിപ്പറമ്പ് ബസ് അപകടവും തൃശൂരിൽ തന്നെ പാറമേക്കാവ് വെടിക്കെട്ട് പുരയിലുണ്ടായ തീപിടിത്തവും കൈകാര്യം ചെയ്ത പരിചയം ഉണ്ട്. എന്നാൽ മുണ്ടത്തിക്കോടുണ്ടായ സ്ഫോടനത്തിന്റെ ആഘാതം വിവരണാതീതമാണ്. ചൂരൽമല ദുരന്തത്തിൽ പോലും പരുക്കേറ്റവരുെട ശരീരത്തിലെ പല ഭാഗങ്ങളും പുനർനിർമിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇവിടെ സ്ഫോടനത്തിന്റെ ആഘാതം കാരണം അത് അസാധ്യമായിരുന്നു. പല മൃതദേഹഭാഗങ്ങളും ഡിഎൻഎ പോലും വേർതിരിക്കാൻ കഴിയാത്ത വിധം കരിഞ്ഞുപോയിരുന്നു. ശരീരം പൊട്ടിത്തെറിച്ചു പോവുകയായിരുന്നു. ആദ്യത്തെ 38നു ശേഷം 114ഓളം ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തത്. ഇവ ശരീരഭാഗങ്ങളും കരിഞ്ഞ അവശിഷ്ടങ്ങളുമായാണ് ഫൊറൻസിക് സംഘത്തിനു മുന്നിലെത്തിയത്. ചിതറിത്തെറിച്ച ശരീരഭാഗങ്ങളെ 20-25 ഭാഗങ്ങളാക്കി തരംതിരിച്ചാണ് ശാസ്ത്രീയ പരിശോധനകൾ വേഗത്തിലാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പൂർണ സഹകരണത്തോടെ അഞ്ച് ദിവസത്തിനുള്ളിൽ സങ്കീർണമായ ഈ പ്രക്രിയ പൂർത്തിയാക്കാൻ ഫൊറൻസിക് സംഘത്തിനു കഴിഞ്ഞു.വർഷങ്ങളായി ഫൊറൻസിക് രംഗത്ത് പ്രവർത്തിക്കുന്ന ഞാൻ വികാരങ്ങൾക്ക് അടിമപ്പെടാറില്ലെങ്കിലും മുണ്ടത്തിക്കോട് സംഭവം എന്റെ ഉറക്കം കെടുത്തിയെന്നു തന്നെ പറയാം. ജോലിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ വീട്ടിലേക്കു കൊണ്ടുപോകാത്ത ആളാണ് ഞാൻ. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് വീട്ടിൽ പോകാൻ പോലും കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ എനിക്കറിയാവുന്ന ചിലർ കൂടി ഉണ്ടായിരുന്നു എന്നത് വേദനയുടെ ആഴം കൂട്ടുന്നു. എന്തുകൊണ്ട് ഇത് നമ്മളെ ബാധിക്കുന്നു എന്നതിനു കാരണം ഈ ദുരന്തം തടയാമായിരുന്ന ഒന്നാണ് എന്നതുകൊണ്ടാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തത്, എന്തുകൊണ്ട് നടപടിക്രമങ്ങളിൽ വീഴ്ച പറ്റുന്നു എന്നതാണ് എന്റെ ചോദ്യം.


Source link

Back to top button