ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

ന്യൂഡൽഹി: ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയിലും നേരത്തേ എത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്തമാസം അവസാനത്തോടെ മൺസൂൺ എത്തുമെന്നാണ് യൂറോപ്യൻ സെന്റർ ഫോർ മീഡിയം- റേഞ്ച് വെതർ ഫോർകാസ്റ്റിസിന്റെ പുതിയ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മേയ് അവസാനത്തോടെ തെക്കേ ഇന്ത്യയിൽ നല്ല മഴ ലഭിച്ചുതുടങ്ങുമെന്നും പ്രവചനത്തിൽ സൂചിപ്പിക്കുന്നു. 2025ലും കേരളത്തിൽ നേരത്തേ മഴ എത്തുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. അത് ശരിയാവുകയും ചെയ്തു. ഒന്നിലധികം ഘടകങ്ങൾ മൺസൂണിന്റെ ഗതിയെ സ്വാധീനിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാപരമായ ചില സൂചനകൾ മൺസൂൺ നേരത്തേ എത്താനുള്ള ശക്തമായ സാദ്ധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഈയാഴ്ച പുറത്തുവിട്ട സബ്-സീസണൽ ചാർട്ടുകൾ പ്രകാരം മേയ് 18നും 25നും ഇടയിൽ മൺസൂൺ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ എത്താൻ സാദ്ധ്യതയുണ്ട്. മേയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. അന്തരീക്ഷത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ അനുഭവപ്പെട്ടില്ലെങ്കിൽ ഇതിൽ മാറ്റംവരാനുള്ള സാദ്ധ്യത കുറവാണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം ഇത്തവണത്തെ കാലവർഷത്തിന് കൂടുതൽ കരുത്തുണ്ടാക്കുകയും ചെയ്യും.
Source link


