വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം, നിലപാട് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം

തൃശൂർ : മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. 2006ൽ വെടിക്കെട്ട് അപകടം ഉണ്ടായപ്പോൾ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായും സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് ഇന്ന് ചേർന്ന യോഗത്തിൽ ഉണ്ടായതെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങൾ നാളെ നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. 2006ൽ അപകടമുണ്ടായപ്പോൾ കുടമാറ്റമടക്കമുള്ള എല്ലാ ചടങ്ങുകളും നടന്നു. വെടിക്കെട്ട് പ്രതീകാത്മകമായി ചെയ്യണം. എന്നാൽ നിർമ്മിച്ച പടക്കങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ എടുക്കണം. 75 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. പലരുടെയും ഒൻപതുമാസത്തെ പ്രവർത്തനമാണ്. അതിനാൽ ആചാരങ്ങൾ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. നാളത്തെ യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പാറമേക്കാവിന്റെ പ്രതിനിധികൾ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ കളക്ടറേറ്റിലാണ് യോഗം. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെയായിരിക്കണമെവ്വതിൽ തീരുമാനമെടുക്കും.
Source link


