വീടിന് വിള്ളലുണ്ടെന്ന് പറഞ്ഞ നൗഫലിന് സൈബർ ആക്രമണം

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ ലഭിച്ച വീടിന് വിള്ളലുണ്ടെന്ന് പരാതിപ്പെട്ട ദുരന്തബാധിതന് നേരെ വ്യാപക സൈബർ ആക്രമണം. മുണ്ടക്കൈ സ്വദേശി നൗഫലിനെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ആക്രമിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്ന് നൗഫൽ പറഞ്ഞു. നൗഫലിന്റെ ഫോട്ടോ ഉപയോഗിച്ച് ഒരേ തരത്തിലുള്ള കുറിപ്പുകളാണ് പ്രചരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി രേഖകൾ കൈമാറിയ 178 വീടുകളിൽ ഒന്നാണ് നൗഫലിന്റെത്.രേഖകൾ കൈമാറിയ തന്റെ വീടിനുള്ള തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് നൗഫൽ ചെയ്ത കുറ്റം. വിഷയം മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത് പ്രകോപനമായി. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തുകയും ചെയ്തതോടെ നൗഫലിനെതിരായ സൈബർ ആക്രമണം അതിരൂക്ഷമായി.
മുണ്ടക്കൈയിൽ നൗഫൽ നിർമ്മിച്ച പുതിയ വീട് ദുരന്തത്തിൽ തകർന്നിരുന്നു. 16 കുടുംബാംഗങ്ങളെയും നഷ്ടമായി. ടൗൺഷിപ്പിൽ റോഡരികിൽ തന്നെ വീട് കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു. ഇതിനിടയിലാണ് നിർമ്മാണത്തിലെ അപാകത നൗഫലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇത് തുറന്നു പറഞ്ഞതിനാണ് തനിക്കെതിരെ ആക്രമണമെന്ന് നൗഫൽ പറയുന്നു. സർക്കാരിനെയോ ഏതെങ്കിലും ഒരു പാർട്ടിയെയോ കുറ്റപ്പെടുത്തിയിട്ടില്ല. സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പുത്തുമല ദുരന്തബാധിതരുടെ അവസ്ഥയുണ്ടാകരുത്. മറ്റുള്ളവരുടെ വീടെങ്കിലും സുരക്ഷിതമാക്കാൻ തന്റെ പോരാട്ടം തുടരുമെന്ന് നൗഫൽ പറഞ്ഞു.
Source link


