CINEMA
വനിതാ സംവരണ ബിൽ നാളെ പാർലമെന്റിൽ: ലോക്‌സഭാ സീറ്റ് 850, വനിതകൾക്ക് 273

ന്യൂഡൽഹി: വനിതാ സംവരണത്തിന് മുന്നോടിയായി മണ്ഡല പുനർനിർണയത്തിലൂടെ ലോക്‌സഭാ സീറ്റുകൾ 543ൽ നിന്ന് 850 ആക്കും. 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും, 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായിരിക്കും. 273 സീറ്റുകൾ വനിതകൾക്കാണ്. 33 ശതമാനം സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ സ്ത്രീകൾക്ക് ക്വാട്ടയുമുണ്ടാകും. ഒ.ബി.സി വനിതകൾക്കുള്ള ക്വാട്ട ഉൾപ്പെടുത്തിയിട്ടില്ല. മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരിക്കും.വനിതാ സംവരണം, മണ്ഡല പുനർനിർണയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ലോക്‌സഭാ സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതിന് ഭരണഘടനയിലെ 81, 82 അനുച്ഛേദങ്ങളിലടക്കം കേന്ദ്രം ഭേദഗതി കൊണ്ടുവരും.എന്നാൽ മണ്ഡല പുനർനിർണയത്തിന് 2011ലെ സെൻസസ് ഡേറ്ര ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം. 2027ലെ സെൻസസ് കാത്തിരിക്കാതെ കേന്ദ്രം ധൃതി കാണിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. 2001ലെ 84ാം ഭരണഘടനാ ഭേദഗതി പ്രകാരം 2026ന് ശേഷമുള്ള സെൻസസ് ഉപയോഗിച്ചേ അതിർത്തി നിർണയം പാടുള്ളൂ. എന്നാൽ ജനസംഖ്യയിൽ മാറ്റം വന്നതിനാൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം ഇപ്പോൾ അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ദ്രുതഗതിയിലുള്ള നഗരവത്കരണം, മറ്റു സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള കുടിയേറ്റം തുടങ്ങിയവയും കാരണം പുനർനിർണയം വേഗത്തിൽ നടത്തണം. ഇപ്പോഴത്തെ സെൻസസ് പൂർത്തിയാക്കി മണ്ഡല പുനർനിർണയത്തിന് കാലതാമസമെടുക്കും. വനിതാ സംവരണം വൈകുമെന്നും കേന്ദ്രം പറയുന്നു.
Source link


