NEWS

മൂന്നാറിൽ നാളെമുതൽ പ്ലാസ്റ്റിക് നിരോധനം; കച്ചവടക്കാർക്ക് മാത്രമല്ല, വിനോദസഞ്ചാരികൾക്കും പണികിട്ടും

മൂന്നാർ

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നാളെമുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരും. വഴിയോരക്കടകൾ, വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നാളെമുതൽ പഞ്ചായത്തിൽനിന്നുള്ള പ്രത്യേക സംഘം പരിശോധനനടത്തും. പത്താം തീയതിവരെ നടത്തുന്ന പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബ്യാഗുകൾ, അര ലിറ്ററിൽ താഴെയുള്ള ബോട്ടിലുകൾ എന്നിവ സൂക്ഷിക്കുന്നതോ വിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ താക്കീത് ചെയ്യും. പത്താം തീയതിക്ക് ശേഷവും ഇവയുടെ ഉപയോഗം തുടർന്നാൽ പിഴ ചുമത്തും.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നം ഉപയോഗിക്കുന്ന വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. നിരോധനം, പിഴ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തുമെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ പറഞ്ഞു.

പിഴ ഈടാക്കുന്ന വിധം

നിരോധിത ക്യാരിബാഗുകൾ, അര ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, സ്ട്രോ എന്നിവ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്‌താൽ 10,000 രൂപയാണ് പിഴ. രണ്ടാം തവണയും നിയമലംഘനം ആവർത്തിച്ചാൽ പിഴ 25000 രൂപയാകും. മൂന്നാം തവണയും ഇത്തരം ഉൽപ്പന്നങ്ങൾ പിടികൂടിയാൽ പിഴ 2.5 ലക്ഷം രൂപയാകും.

മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും പ്ലാസ്റ്റിക് കത്തിക്കുന്നതിനും 5000 രൂപ പിഴയും ജൈവ- അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ പൊതുസ്ഥലത്ത് തള്ളുന്നതിന് 1000 മുതൽ 10000 രൂപ വരെയും പിഴ ഈടാക്കും.

വിവരം നൽകുന്നവർക്ക് പാരിതോഷികം

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിന്റെ വാട്‌സാപ് നമ്പറിലെക്ക് ചിത്രങ്ങൾസഹിതമുള്ള വിവരം കൈമാറുന്നവർക്ക് പാരിതോഷികം നൽകുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനത്തിന് ഈടാക്കുന്ന തുകയുടെ 25% തുകയാണ് സമ്മാനമായി നൽകുന്നത്. വാട്‌സാപ് നമ്പർ ജൂലൈ 10നു ശേഷം അറിയിക്കും.


Source link
NEWS

Back to top button