test del 5 copy of del 3
തീയിട്ടതാര്? നാടിനെ നിശ്ചലമാക്കി 7 മണിക്കൂർ, ‘റ’ ആകൃതിയിൽ തീ; വില്ലനായി കാറ്റ്, ഹീറോ ആയി മഴ

ചങ്ങനാശേരി ∙ ജനജീവിതത്തെ ഏറെനേരം മുൾമുനയിൽ നിർത്തി പാടശേഖരത്തിലെ തീപിടിത്തം. ചങ്ങനാശേരിയിൽ എസി റോഡിനു സമീപത്തെ കാവാലിക്കരി പാടശേഖരത്തിലുണ്ടായ 7 മണിക്കൂർ നീണ്ട തീപിടിത്തമാണു നാടിനെ നിശ്ചലമാക്കിയത്. ആലപ്പുഴ– ചങ്ങനാശേരി (എസി) റോഡിൽ വിവിധ സമയങ്ങളിലായി 3 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.എസി റോഡ് കോളനി, എസി കോളനി, പൂവം, കാവാലിക്കരി ഭാഗത്തെ വീടുകളിലേക്കു കനത്ത പുക കയറിയതോടെ കിടപ്പു രോഗികളടക്കം വലഞ്ഞു. പള്ളിപ്പറമ്പ്, തെങ്ങനോടി തുടങ്ങിയ തുരുത്തുകളും കനത്ത പുകയിൽ ഒറ്റപ്പെട്ടു പോയി. പുകച്ചുരുളിൽ വീടുകളിൽ അകപ്പെട്ട് പോയ കുടുംബാംഗങ്ങളെ ഏറെ ശ്രമകരമായാണ് പുറത്തെത്തിച്ചത്. കൈക്കുഞ്ഞുങ്ങളെയും കൊണ്ട് അമ്മമാർ മറ്റ് സ്ഥലങ്ങളിലേക്ക് അഭയം തേടി. പുകയും പൊടിപടലങ്ങളും കൊണ്ട് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണു തീപിടിച്ചത്. ആർക്കും പരുക്കുകളുണ്ടായില്ല എന്നത് ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട അഗ്നിരക്ഷാസേനാംഗങ്ങൾക്കും നാട്ടുകാർക്കും കെഎസ്ഇബി ജീവനക്കാർക്കും പൊലീസിനും പുക ശ്വസിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. വൈകിട്ട് 5 മണിയോടെ തീ നിയന്ത്രണവിധേയമാക്കി.ആശങ്കയുടെ തീ എസി റോഡിനു പടിഞ്ഞാറു വശത്തായി 440 ഏക്കറിലാണ് കാവാലിക്കരി പാടശേഖരം. പായിപ്പാട് പഞ്ചായത്തിന്റെ ഒന്നാം വാർഡാണ്. കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ കിടന്ന കച്ചിയിലാണ് തീ പടർന്നത്. രാവിലെ 10നാണ് പാറയ്ക്കൽ കലുങ്ക് ഭാഗത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത്. 12 മണിയോടെ പൂവം ഭാഗത്തേക്ക് തീ പടർന്നു. കാവാലിക്കരിയോട് ചേർന്ന് കിടക്കുന്ന 25 ഏക്കർ വരുന്ന കൊച്ചുതൊള്ളായിരം പാടശേഖരത്തേയും തീ വിഴുങ്ങി.
Source link


