test del 3
ഓഡിഷനു പോയത് സ്വന്തം കയ്യിലെ പണം വച്ച്, ശമ്പളത്തിന്റെ കാര്യത്തിലും പറ്റിച്ചു: അനുഗ്രഹയെ പിന്തുണച്ച് മാളവിക ശ്രീനാഥ്

പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമുള്ള നടി അനുഗ്രഹ എസ്. നമ്പ്യാരുടെ വെളിപ്പെടുത്തൽ മലയാള-തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നു. തമിഴ് നടൻ വിജയ് കുമാർ, ഭാര്യ നക്ഷത്ര എന്നിവർക്കെതിരെ അനുഗ്രഹ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് നടിമാരായ ഗൗരി കിഷൻ, മാളവിക ശ്രീനാഥ് ഉൾപ്പെടെയുള്ള സഹപ്രവർത്തകർ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ ഗൗരവകരമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ അനുഗ്രഹ പങ്കുവച്ച വിഡിയോയ്ക്ക് താഴെ തന്റെ കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മാളവിക പിന്തുണ അറിയിച്ചത്. ചെന്നൈയിൽ നടന്ന ഓഡിഷൻ സമയത്ത് തന്നെ അനുഗ്രഹയെ പരിചയമുണ്ടെന്നും, സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി മൂന്ന് തവണയോളമാണ് ഓഡിഷനായി കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് പോയതെന്നും മാളവിക കുറിച്ചു. അവസാന ഓഡിഷൻ സമയത്ത് എനിക്ക് എന്തോ വലിയ തെറ്റ് സംഭവിക്കുന്നതായി തോന്നി. എന്റെ മനസ്സ് പറഞ്ഞതനുസരിച്ച് ഞാൻ ആ ഷോയിൽ നിന്ന് പിന്മാറി. മറ്റൊരു വേഷം ചെയ്യാൻ വരണമെന്ന് പറഞ്ഞ് ആ ടീം എന്നെ വിളിച്ചിരുന്നു, എന്നാൽ എനിക്ക് അത്ര നല്ല അനുഭവമല്ലാത്തതിനാൽ ആ ഷോയിൽ അഭിനയിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാര്യങ്ങൾ ഇങ്ങനെയൊക്കെയായതിൽ ഇപ്പോൾ അദ്ഭുതമൊന്നും തോന്നുന്നില്ല.‘‘ഈ കാര്യത്തിൽ ഞാൻ അനുഗ്രഹയ്ക്കൊപ്പമുണ്ട്. ഇത് അവസാനിപ്പിക്കണം. യഥാർഥ പ്രതിഭകളെ നിസ്സാരമായി കാണുന്ന ഒരു അസംഘടിത വ്യവസായത്തെ സാധാരണവൽക്കരിക്കുന്നത് മതി. വ്യാജ വാഗ്ദാനങ്ങൾക്ക് ഇടമില്ല — ഒരാളുടെ ജോലിക്ക് പണം നൽകുന്നത് ഒരു ഔദാര്യമല്ല, അതൊരു അടിസ്ഥാന കടമയാണ്. നൽകാനുള്ള പണം കൊടുത്തു തീർക്കുക.’’–നടി ഗൗരി കിഷൻ കുറിച്ചു.
Source link


