ബംഗളൂരുവിൽ 800 രൂപയ്ക്ക് കിട്ടും, കേരളത്തിൽ വിൽപന 3000 രൂപയ്ക്ക്: വ്യാജനെ ഇറക്കി ലാഭം കൊയ്യുന്ന മാഫിയ

കൊച്ചി: കേരളത്തെ വരിഞ്ഞുമുറുക്കുന്ന രാസലഹരി വിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം. ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന എം.ഡി.എം.എ കേരളത്തിൽ എത്തുമ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയാണ് വില്പന. പാരസെറ്റമോൾ ഗുളിക മുതൽ ബാർബർഷോപ്പുകളിൽ ഉപയോഗിക്കുന്ന ആലംകല്ല് വരെ പൊടിച്ചുകലർത്തി ലഹരി മാഫിയ ലക്ഷങ്ങളുടെ ലാഭം കൊയ്യുന്നു. കർപ്പൂരം, അജിനോമോട്ടോ, ഉപ്പ് എന്നിവയും ഇതിൽ ചേർക്കുന്നു. 100 ഗ്രാമിൽ 20 ശതമാനം വരെയാണ് വ്യാജസാന്നിദ്ധ്യം. ബംഗളൂരു, മുംബയ്, ഡൽഹി, ഹൈദരാബാദ് നഗരങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന എം.ഡി.എം.എയിൽ 90 ശതമാനവും മെത്താംഫിറ്റമിൻ എന്ന രാസലഹരിയാണ്. ഇവ രണ്ടും തമ്മിൽ പെട്ടെന്ന് തിരിച്ചറിയാനാകില്ല. ആറ് മണിക്കൂർ വരെ ഉന്മാദം നൽകുന്ന യഥാർത്ഥ എം.ഡി.എം.എ ലഭിക്കാൻ പ്രയാസമാണ്; ഇതിന് വിലയും കൂടുതലാണ്. ബംഗളൂരുവിലെ മൊത്തക്കച്ചവടക്കാർ ഒരു കിലോ നൽകുമ്പോൾ 400 ഗ്രാം മാത്രമാണ് ഒറിജിനൽ ഉണ്ടാകുക. ബാക്കി ഗുണനിലവാരം കുറഞ്ഞ രാസലഹരിയായിരിക്കും. ആഫ്രിക്കൻ ഉത്തേജക സസ്യമായ കത്തിനോണിന്റെ സത്ത് കലർത്തിയ വ്യാജനും വിപണിയിലുണ്ട്.
Source link


