test del 3
ഇന്നു പൂരം; വിഷമം ഉള്ളിലൊതുക്കി തൃശൂർ വിസ്മയിപ്പിക്കും

തൃശൂർ ∙ അകമേ കനത്തു നിൽക്കുമ്പോഴും അതിഥികളായി എത്തുന്നവർക്ക് കാഴ്ചകൾ ഒരുക്കുന്നതിൽ തൃശൂരിനു പിശുക്കു കാണിക്കാനാകില്ല. നാടിന്റെ നഷ്ടം കാഴ്ചക്കാരെ അറിയിക്കാതെ തട്ടകം പൂരത്തിന് ഒരുങ്ങി. ഒരാണ്ട് കാത്തിരുന്ന പൂരമാണിന്ന്. തൃശൂർ പൂരം. വടക്കുന്നാഥ ക്ഷേത്രത്തിൽ അരങ്ങേറുന്ന പൂരം വടക്കുന്നാഥന്റേതല്ല എന്നതുപോലെ, തൃശൂർ പൂരം തൃശൂരിന്റേതല്ല; ലോകത്തിന്റേതാണ്. കണ്ണു കൊണ്ടും കാതു കൊണ്ടും ഇന്ന് മലയാളി തൃശൂരിലുണ്ട്. ഇവിടെയൊന്ന് എത്താൻ പറ്റിയില്ലെങ്കിൽപോലും മനസ്സു കൊണ്ടെങ്കിലും തൃശൂരിൽ പൂരം കൂടാത്തവർ ആരുണ്ട്? ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്ന് അതിന്റെ ഉച്ചിയിലെത്തും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടകക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് രാവിലെ മുതൽ വടക്കുന്നാഥനെ വണങ്ങാനെത്തും. ആ വരവുകൾ ഒന്നു കാണാനായാണ് പൂരപ്രേമികൾ ഇന്നെത്തുക. മേളം കേട്ടാൽ പോരാ, കണ്ടുതന്നെ ആസ്വദിക്കണം എന്ന് ഉറപ്പിച്ച് ആദ്യം അവർ തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റിലുമായി സ്ഥലം പിടിക്കും. 11 മണിയോടെ മഠത്തിൽവരവ് തുടങ്ങും. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവർക്കറിയാം.
Source link


