NEWS

മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; മദ്യപിച്ച് വാഹനമോടിച്ചതായി സ്ഥിരീകരണം

പ്രതി സുഹൈൽ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ, ജാമ്യാപേക്ഷ നാളെ സെഷൻസ് കോടതി പരിഗണിക്കും. കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുക.

അപകടസമയത്ത് പ്രതി സുഹൈൽ വാഹനം ഓടിച്ചിരുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സുഹൈൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന സഹയാത്രികർ ഇയാളെ തടയാൻ ശ്രമിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച് കോടതി കേസിൽ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകടസമയത്തെ വിവരങ്ങൾ പതിഞ്ഞ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കസ്റ്റഡിയും തെളിവെടുപ്പും പൂർത്തിയായതിനാൽ 19 വയസ്സുള്ള പ്രതികളെ ഇനിയും ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.

അപകടസ്ഥലത്ത് സംയുക്ത പരിശോധന ഒക്ടോബർ 11ന് പുലർച്ചെ അപകടമുണ്ടായ വിമാനത്താവള റോഡിൽ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി. റോഡിന്റെ ഡിസൈനും നിർമാണവും അപകടത്തിന് കാരണമായോ എന്ന് വിലയിരുത്തുന്നതിനായിരുന്നു ഇത്. മോട്ടോർ വാഹന വകുപ്പ്, സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. റോഡിൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പർ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിർദേശിച്ചിട്ടുണ്ട്.

RELATED TOPICS: MINI COOPER ACCIDENT, SUHAIL SAJE EV, SUHAIL BAIL PLEA, DRUNK DRIVING CASE, KERALA ACCIDENT NEWS

Read News ⏭️

Back to top button