LATEST

മെക്‌സിക്കോ സംഘർഷഭരിതം: ലഹരിമാഫിയ തലവൻ എൽ മെഞ്ചോയെ വധിച്ചു

മെക്സിക്കോ സിറ്റി: കുപ്രസിദ്ധ ലഹരി മാഫിയ തലവൻ എൽ മെഞ്ചോ(59) കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ വ്യാപക ആക്രമണം. ‘ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ” എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായിരുന്ന എൽ മെഞ്ചോ ഞായറാഴ്ചയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഇയാളുടെ ആറ് കൂട്ടാളികളും കൊല്ലപ്പെട്ടു.

ഹലിസ്കോ സംസ്ഥാനത്തെ ടപാൽപയിൽ നടന്ന സൈനിക ഓപ്പറേഷനിടെ ഗുരുതര പരിക്കേറ്റ മെഞ്ചോയെ സൈന്യം വ്യോമ മാർഗ്ഗം മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാ മദ്ധ്യേ മരിക്കുകയായിരുന്നു. യു.എസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഏറ്റുമുട്ടൽ. മെക്സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായിരുന്ന മെഞ്ചോയെ പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് യു.എസ് 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം,മെഞ്ചോയുടെ മരണത്തിന് പിന്നാലെ ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ അംഗങ്ങളും സഖ്യ കക്ഷികളും തെരുവിലിറങ്ങി. വാഹനങ്ങളും കടകളും പെട്രോൾ പമ്പുകളും കത്തിച്ചു. മിക്കയിടത്തും സ്കൂളുകളും ഓഫീസുകളും അടച്ചു. പൊതുഗതാഗത സർവീസുകൾ നിറുത്തിവച്ചു. ഹലിസ്കോ,കോലിമ,ഗ്വാനഹ്വാറ്റോ തുടങ്ങി 20 സംസ്ഥാനങ്ങളിൽ പരക്കെ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം, ഏറ്റുമുട്ടലിനിടെ 25 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 25ലധികം ക്രിമിനലുകൾ അറസ്റ്റിലായി. മരണ ഇനിയും സംഖ്യ ഉയർന്നേക്കും.

സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യ, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ത്യക്കാർ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് എംബസി അറിയിച്ചു. ഗ്വാഡലാഹര പോലുള്ള നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രധാന അന്താരാഷ്ട്ര എയർലൈനുകൾ റദ്ദാക്കി.

ആരാണ് എൽ മെഞ്ചോ

 യഥാർത്ഥ പേര് – നെമെസിയോ ഒസെഗ്വെര സെർവാന്റെസ്. ദരിദ്ര കുടുംബത്തിൽ ജനനം

 1980കളിൽ യു.എസിലേക്ക് അനധികൃതമായി കുടിയേറിയ മെഞ്ചോ നിരവധി തവണ അറസ്റ്റിലായി. 1990കളുടെ തുടക്കത്തിൽ മെക്സിക്കോയിലേക്ക് നാടുകടത്തപ്പെട്ടു. ഇടയ്ക്ക് പൊലീസ് ഓഫീസറായി ജോലി ചെയ്തു. വൈകാതെ മിലേനിയോ കാർട്ടലിൽ അംഗമായി

 2009ൽ ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ സ്ഥാപിച്ചു. മെക്സിക്കോയിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘടന. ഫെന്റാനിൽ, മെത്താംഫെറ്റാമൈൻ,കൊക്കെയ്ൻ എന്നിവയുടെ കടത്തിന് പുറമേ പണംതട്ടൽ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളും വ്യാപകം. പൊലീസുകാരെയും ശത്രു ഗ്രൂപ്പ് അംഗങ്ങളെയും അതിക്രൂരമായി വധിക്കും. ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ


Source link

Related Articles

Back to top button