ഇനിയൊരു തിരിച്ചുപോക്കില്ലേ? പവൻവിലയിൽ വീണ്ടും വർദ്ധനവ്, സ്വർണം വാങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 1,120 രൂപ കൂടി 1,18,640 രൂപയും ഗ്രാമിന് 140 രൂപ ഉയർന്ന് 14,830 രൂപയുമായി. ഇന്നലെ രണ്ടുതവണ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം രാവിലെയോടെ പവന് 1,520 രൂപ കൂടി 1,18,320 രൂപയും ഉച്ചയ്ക്കുശേഷം പവൻവിലയിൽ 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്. ഫെബ്രുവരി രണ്ടിനാണ് ആഗോള വിപണിയിൽ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു.
സ്വര്‍ണ വിലയിലെ വന്‍കുതിപ്പ് സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്നും നിലവില്‍ ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ അറിയിച്ചു. ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണവും വെള്ളിയും വാങ്ങിക്കൂട്ടുന്നതാണ് വില ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഒഫ് ഡയറക്ടര്‍മാരുടെ യോഗത്തിന് ശേഷം നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ നിക്ഷേപവും സ്വര്‍ണമാണ്. ആഘോഷ കാലയളവുകളിലും ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം ഗണ്യമായി ഉയരുന്നു. സര്‍ക്കാര്‍ അടിയന്തരമായ ഇടപെടേണ്ട ആശങ്കാജനകമായ സ്ഥിതിയിലേക്ക് വില വര്‍ദ്ധന മാറിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം റദ്ദാക്കിയ അമേരിക്കന്‍ സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,90,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 300 രൂപയായിരുന്നു.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
Source link



