ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു, സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി; ലിവ് ഇൻ പങ്കാളി അറസ്റ്റിൽ

ന്യൂഡൽഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പത്തൊൻപതുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ലിവ് ഇൻ പങ്കാളിയായ യുവാവ്. ഗുരുഗ്രാമിൽ പഠിക്കുന്ന ത്രിപുര സ്വദേശിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഡൽഹി സ്വദേശിയായ ശിവത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുഗ്രാമിലെ സ്വകാര്യ സർവകലാശാലയിൽ ബിഎസ്‌സി ബയോടെക്‌നോളജി വിദ്യാർത്ഥിയാണ് പത്തൊൻപതുകാരി. ഗുരുഗ്രാമിൽ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പെൺകുട്ടി ഇക്കഴിഞ്ഞ സെപ്‌തംബറിലാണ് ഡേറ്റിംഗ് ആപ്പിലൂടെ ശിവയുമായി പരിചയത്തിലായത്. അടുപ്പം വളർന്നതോടെ ഒന്നിച്ച് താമസിക്കാൻ തുടങ്ങി. ഇരുവരും വിവാഹം കഴിക്കാനും തീരുമാനമെടുത്തിരുന്നതായി പെൺകുട്ടി മൊഴി നൽകി.
പിന്നീട് പെൺകുട്ടി തന്നെ വഞ്ചിക്കുന്നതായി ശിവ സംശയിക്കാൻ തുടങ്ങി. ഇതോടെ ശിവം അവളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്നും പൊലീസ് പറയുന്നു. ഫെബ്രുവരി 16-ാം തീയതി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് യുവാവ് പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
സ്റ്റീൽകുപ്പിയും പാത്രവും ഉപയോഗിച്ച് യുവാവ് പെൺകുട്ടിയുടെ തലയ്‌ക്കടിച്ചു. പിന്നാലെ തല ചുമരിലിടിപ്പിച്ചും പരിക്കേൽപ്പിച്ചു. ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ലെന്ന് ആക്രോശിച്ചുകൊണ്ട് ഇയാൾ പെൺകുട്ടിയുടെ കാലിൽ മുറിവുണ്ടാക്കി. ഇതിനുശേഷം സ്വകാര്യ ഭാഗങ്ങളിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്താനും ശ്രമിച്ചു. ഇതിനിടെയിൽ പെൺകുട്ടിയുടെ നഗ്നവീഡിയോയും യുവാവ് ഫോണിൽ പകർത്തി. പീഡനവിവരം പുറത്തുപറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പെൺകുട്ടി അമ്മയെ വിവരമറിയിച്ചത്. പ്രതിയുടെ ഫോൺ തന്ത്രപൂർവം കൈക്കലാക്കിയാണ് പെൺകുട്ടി അമ്മയെ വിളിച്ചത്. പെൺകുട്ടി അമ്മയുമായി സംസാരിക്കുന്നത് ശിവം കേട്ടെങ്കിലും ഇരുവരും സംസാരിച്ചത് പ്രാദേശിക ഭാഷയിലായിരുന്നതിനാൽ അയാൾക്കൊന്നും മനസിലായില്ല. മകളുടെ ഫോൺകോൾ വന്നതിന് പിന്നാലെ അടിയന്തരസഹായത്തിനുള്ള 112ൽ വിളിച്ച് അമ്മ സഹായത്തിനായി അഭ്യർത്ഥിക്കുകയായിരുന്നു. ഉടൻതന്നെ ഗുരുഗ്രാം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
Source link



