LATEST

താലൂക്ക്  ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ച സംഭവം; ചികിത്സാപ്പിഴവല്ലെന്ന് പ്രാഥമിക  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയത്. അംനയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ ഉള്ളത്. ഒൻപത് മാസം ഗർഭിണിയായ നൗഷിജയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വേദന അനുഭവപ്പെട്ടതിനാൽ പത്തൊൻപതാം തീയതിമുതൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ഡോക്‌ടർമാർ നിർദേശിച്ചു. അവിടെയെത്തുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. യുവതിക്ക് മതിയായ ചികിത്സ നൽകിയിട്ടില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.


Source link

Related Articles

Back to top button