സ്റ്റാർലൈനർ പരാജയം: ഒഴിവായത് വൻ ദുരന്തം, വീഴ്ച സമ്മതിച്ച് നാസ

കൊളംബിയ ദുരന്തമുൾപ്പെടുന്ന അപകടപ്പട്ടികയിൽ
വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങാനിടയാക്കിയ ബോയിംഗ് സ്റ്റാർലൈനർ മിഷന്റെ പരാജയത്തിലെ വീഴ്ച സമ്മതിച്ച് നാസ. നാസയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രമേറിയ അപകടങ്ങളെ / സന്ദർഭങ്ങളെ ഉൾപ്പെടുത്തുന്ന
‘ടൈപ്പ് എ” പട്ടികയിൽ സ്റ്റാർലൈനർ പരാജയം ഉൾപ്പെടുത്തി. ചലഞ്ചർ, കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തങ്ങൾ ഈ പട്ടികയിലാണ്.
നാസ പുറത്തുവിട്ട 311 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. എൻജിനിയറിംഗ്, നേതൃത്വ പിഴവുകളാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് പ്രോഗ്രാം ഇൻവെസ്റ്റിഗേഷൻ സംഘം വ്യക്തമാക്കുന്നു. നാസയിലും ബോയിംഗിലും വരുത്തേണ്ട മാറ്റങ്ങൾ നാസ അഡ്മിനിസ്ട്രേറ്റർ ജറേഡ് ഐസക്മാൻ വിശദീകരിച്ചു. സാങ്കേതിക വിടവുകൾ പരിഹരിക്കുംവരെ സ്റ്റാർലൈനറിൽ നാസ മനുഷ്യരെ അയയ്ക്കില്ലെന്നും അറിയിച്ചു.
2024 ജൂൺ 5നാണ് സ്റ്റാർലൈനറിൽ സുനിതയും വിൽമോറും തിരിച്ചത്. ജൂൺ 13ന് തിരിച്ചെത്തേണ്ടിയിരുന്നു. എന്നാൽ പേടകത്തിലെ തകരാർ കാരണം ഇരുവരും നിലയത്തിൽ കുടുങ്ങി. 2025 മാർച്ച് 18ന് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇവരെ ഭൂമിയിലെച്ചത്. ഇരുവരും നിലയത്തിൽ ‘കുടുങ്ങി”യെന്ന് സമ്മതിക്കാൻ നാസ ആദ്യം തയ്യാറായിരുന്നില്ല.
# സാമ്പത്തിക നഷ്ടം – 20 കോടി ഡോളർ
# രൂപകല്പനയിൽ പിഴവ്
1. നിലയത്തിലേക്കടുക്കുന്നതിനിടെ പേടകത്തിന്റെ ഒന്നിലേറെ ത്രസ്റ്ററുകൾ പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ. ഹീലിയം ചോർച്ച പ്രവർത്തനക്ഷമതയെ ബാധിച്ചു
2. പേടകത്തിന്റെ രൂപകല്പനയിൽ പോരായ്മ. മറ്റ് പേടകങ്ങളെ അപേക്ഷിച്ച് സ്റ്റാർലൈനറിന്റെ വിശ്വാസ്യത കുറവ്
3. നാസ മാനേജർമാർ സുരക്ഷാ പ്രോട്ടോക്കോളുകളേക്കാൾ സമയപരിധികൾക്ക് മുൻഗണന നൽകിയത് സമ്മർദ്ദമുണ്ടാക്കി
4. ബോയിംഗുമായുള്ള കരാറിൽ നാസയുടെ മേൽനോട്ടത്തിന് പരിമിതിയുണ്ടായിരുന്നു
# നാസയെ നടുക്കിയ ദുരന്തങ്ങൾ
കൊളംബിയ – 2003 ഫെബ്രുവരി 1ന് കൊളംബിയ സ്പേസ് ഷട്ടിൽ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു. ഇന്ത്യൻ വംശജ കല്പന ചൗളയടക്കമുള്ള ഏഴ് യാത്രികരും കൊല്ലപ്പെട്ടു
ചലഞ്ചർ – 1986 ജനുവരി 28ന് ബഹിരാകാശത്തേക്ക് കുതിച്ച ചലഞ്ചർ സ്പേസ് ഷട്ടലിൽ, വിക്ഷേപണശേഷം വെറും 73 സെക്കന്റിനുള്ളിൽ പൊട്ടിത്തെറിച്ചു. ഏഴ് യാത്രികരും കൊല്ലപ്പെട്ടു
Source link



