കാവ്യ–അനിരുദ്ധ് വിവാഹ സൽക്കാരം: സൺറൈസേഴ്സ് താരനിരയിൽ തിളങ്ങിയപ്പോഴും വിട്ടുനിന്ന് പ്രമുഖ താരം

ചെന്നൈയിൽ അരങ്ങേറിയ സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യാ മാരന്റെയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹ സൽക്കാരം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഗവർണർ സി.പി. രാധാകൃഷ്ണൻ, മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വി.ഡി. സതീശൻ, സി. ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, എടപ്പാടി കെ. പളനിസാമി തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇവരെക്കൂടാതെ എംപിമാരായ കമൽഹാസൻ, കനിമൊഴി, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, താരങ്ങളായ രജനീകാന്ത്, പ്രഭു, കാർത്തി, രാധിക ശരത്കുമാർ, രാഘവ ലോറൻസ് തുടങ്ങി വൻ താരനിര തന്നെ ശനിയാഴ്ച നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രീസിൽ വെച്ച് ഈ മാസം 11-ാം തീയതിയായിരുന്നു ഇവരുടെ വിവാഹം നടന്നത്.
അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കടുത്ത ട്രോളുകളും ചർച്ചകളും നിറയുകയാണ്. 2016-ൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഐപിഎൽ കിരീടം നേടിക്കൊടുത്ത മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറെ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ടീമിനെ വിജയത്തിലെത്തിച്ച നായകനെ അവഗണിച്ച നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ നിറയുന്നു. വാർണറുടെ പേരിൽ പ്രചരിക്കുന്ന സാങ്കൽപ്പിക മീമുകളും ട്രോളുകളും ഇപ്പോൾ വൈറലായിരിക്കുകയാണ്. 2015, 2017, 2019 വർഷങ്ങളിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ വാർണറെ, 2021-ഓടെ സൺറൈസേഴ്സ് മാനേജ്മെന്റ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഡൽഹി ക്യാപിറ്റൽസിലേക്ക് മാറിയ താരം പിന്നീട് പാക്കിസ്ഥാൻ സൂപ്പർ ലീഗിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.




