NEWS

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തി

അടൂർ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന തരത്തിൽ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെന്നി നൈനാൻ, നെസ്‌മൽ, അബിൻ ശിവദാസ് തുടങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കേസിൽ പ്രതികളാണ്. ശ്രീനാദേവിയെ കേസിൽ പ്രതിയാക്കിയെങ്കിലും ഇവരെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. നേരത്തെ അറസ്റ്റിലായിരുന്ന യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ജയകൃഷ്‌ണൻ പള്ളിക്കലിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ തന്നെ തള്ളിപ്പറയുന്നതല്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതു തരത്തിലുള്ള അന്വേഷണത്തെയും പൂർണ്ണ മനസോടെ സ്വീകരിക്കുന്നെന്നും നിയമപരമായ മാർഗ്ഗങ്ങളിലൂടെ കേസിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന അതിക്രമത്തെ അതീവ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറി ക്രമസമാധാനം തകർക്കാൻ മുതിർന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം നിലവിൽ നടന്നുവരികയാണ്.

കഴിഞ്ഞ ജൂലൈ 11നാണ് വിവാദമായ ഈ സംഭവം നടന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്നാരോപിച്ച് അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച സമയത്താണ് പ്രവർത്തകർ അക്രമാസക്തരായത്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചത്.

Sports ⏭️

Read News ⏭️

Back to top button