NEWS

നേപ്പാളിൽ മിന്നൽ പ്രളയം, ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി; ഊർജിത രക്ഷാപ്രവർത്തനത്തിന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി


കാഠ്മണ്ഡു ∙ നേപ്പാളിൽ ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്തുണ്ടായ മിന്നൽ പ്രളയത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. മലയോര ജില്ലയായ രസുവയിലെ ശ്യാപ്രു ബേസി, തിമുറെ എന്നീ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. വൻതോതിൽ ആളപായമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ, നദീതീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. ഭോട്ടെ കോശി നദീതീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.‘‘ഗ്രാമങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്.’’– ജില്ലാ അഡ്മിനിസ്ട്രേറ്റർ നരേന്ദ്ര പരിയാർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൃത്യമായ കണക്കുകൾ നിലവിൽ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘വൻതോതിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ ഇപ്പോൾ അത് കൃത്യമായി പറയാൻ കഴിയില്ല.’’– അദ്ദേഹം വ്യക്തമാക്കി.


Fashion ⏭️

Back to top button