NEWS
അൻസിബയുടെ ചോദ്യങ്ങൾക്കു മുന്നില് നിസ്സഹായയായി ശ്വേത, മോഹൻലാലിന്റെ മറുപടി ഭരണസമിതിക്ക് വലിയ ഷോക്ക് ആയി: മാലാ പാർവതി

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നടി അൻസിബ ഹസ്സൻ നടത്തിയ ശക്തമായ ഇടപെടലിനെ പ്രശംസിച്ച് നടി മാലാ പാർവതി. ഭരണസമിതിയുടെ സാമ്പത്തിക അപാകതകളും വീഴ്ചകളും 20 മിനിറ്റോളം നീണ്ട പ്രസംഗത്തിലൂടെ അൻസിബ തെളിവ് സഹിതം തുറന്നുകാട്ടിയതോടെ, മറുപടി നൽകാനാകാതെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒടുവിൽ കൂട്ടരാജി പ്രഖ്യാപിക്കുകയായിരുന്നു എന്ന് മാലാ പാർവതി പറഞ്ഞു. സംഘടനയ്ക്കകത്തെ പ്രതിസന്ധികളെ ‘സ്ത്രീകൾ തമ്മിലുള്ള തല്ല്’ എന്ന രീതിയിൽ ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അന്സിബയുടേതായി അവിടെ ഉയർന്നത് ശക്തമായ ഒരു സ്ത്രീപക്ഷത്തിന്റെ ശബ്ദമാണെന്ന് മാലാ പാർവതി പറയുന്നു. സംഘടനയുടെ ജനറൽ ബോഡി യോഗം തായ്ലൻഡിലേക്ക് മാറ്റുമെന്നും എല്ലാവർക്കും പെൻഷൻ വർദ്ധിപ്പിക്കുമെന്നുമുള്ള ശ്വേതാ മേനോന്റെ പ്രഖ്യാപനങ്ങൾ തികച്ചും ബാലിശമായിരുന്നു. ട്രഷററും ഓഡിറ്ററും ഒരേപോലെ കൈയൊഴിഞ്ഞ ഒരു റിപ്പോർട്ടാണ് യോഗത്തിൽ സമർപ്പിക്കപ്പെട്ടതെന്നും, ജനറൽ ബോഡിയോടൊപ്പമാണ് താനെന്നാണ് നടൻ മോഹൻലാൽ പറഞ്ഞതെന്നും മാലാ പാർവതി പറഞ്ഞത്. മാധ്യമങ്ങളോട് പ്രതികരിക്കുന്ന തന്നോട് “ചേച്ചി എന്തിനാണ് ഇവിടെ സംസാരിക്കാൻ വന്നത്, ചേച്ചി മാധ്യമങ്ങളിലൂടെയെല്ലേ പ്രതികരിക്കൂ” എന്നാണ് ശ്വേത ചോദിച്ചതെന്നും ഇനി ശ്വേത മാധ്യമങ്ങളോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കാണാൻ തനിക്ക് താല്പര്യമുണ്ടെന്നും മനോരമ ഓൺലൈനിനോട് പ്രതികരിക്കവേ മാലാ പാർവതി പറഞ്ഞു.റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾക്കൊപ്പം, കൃത്യമായ തെളിവുകൾ നിരത്തിയാണ് അൻസിബ ഓരോ കാര്യങ്ങളും വ്യക്തമാക്കിയത്. സ്വജനപക്ഷപാതവും പണം ധൂർത്തടിച്ചതും ഉൾപ്പെടെ വളരെ സമഗ്രമായ ചോദ്യങ്ങളാണ് ആ കുട്ടി ഉന്നയിച്ചത്. വെറുമൊരു കണക്ക് കാണിക്കൽ മാത്രമല്ല, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയില്ലാതെ നടത്തിയ അനാവശ്യ ചെലവുകളും ആ കുട്ടി വിരൽചൂണ്ടി. അൻസിബ ഉയർത്തിയ ഒരൊറ്റ ചോദ്യത്തിന് പോലും കൃത്യമായ മറുപടി നൽകാൻ ശ്വേതയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ, നിസ്സഹായയായി ‘ഞാനും എന്റെ ഭരണസമിതിയും രാജിവയ്ക്കുന്നു’ എന്ന് പ്രഖ്യാപിക്കാൻ മാത്രമേ ശ്വേതയ്ക്ക് സാധിച്ചുള്ളൂ.
Source link


