NEWS

ബ്രാഞ്ച് സെക്രട്ടറി സ്വർണക്കടത്ത് സംഘത്തിൽ; പ്രതിരോധത്തിൽ സിപിഎം, സമൂഹമാധ്യമത്തിൽ പോര്


കണ്ണൂർ ∙ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ സിപിഎം പ്രവർത്തകരും സ്വർണം പൊട്ടിക്കൽ സംഘങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. പേരാവൂർ ഏരിയ മുഴക്കുന്ന് ലോക്കലിലെ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി വി. ശരത്തിനെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാലാണ് പുറത്താക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുെട പ്രസ്താവനയിൽ പറയുന്നത്. ശരത് ഉൾപ്പെടെ 14 പേരെ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തുവച്ച് സ്വർണം പൊട്ടിക്കാനുള്ള നീക്കത്തിനിടെ പൊലീസ് പിടികൂടിയിരുന്നു. സിപിഎം പ്രവർത്തകരും സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം കുറച്ചു കാലം മുൻപ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാർട്ടി അവരെ തള്ളിപ്പറഞ്ഞെങ്കിലും വീണ്ടും അത്തരം സംഘങ്ങളിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പെട്ടതോടെ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.സിപിഎം തള്ളിപ്പറഞ്ഞ അർജുൻ ആയങ്കി ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ മാസം റിസോർട്ടിൽ നിന്നു പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ മേയ് മൂന്നിനാണ് കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ ഹോംസ്‌റ്റേയിൽനിന്ന് അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ്‌ചെയ്തത്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്താൻ ഒത്തുചേർന്നതിനിടെയാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വിവാഹത്തിനെത്തിയതാണെന്നും കള്ളക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തെന്നുമാണ് അർജുൻ ആയങ്കി സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതിനിടെ കോതമംഗലം സിഐക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. അർജുന് പാർട്ടിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി തന്നെ സ്വർണം പൊട്ടിക്കൽ കേസിൽ പിടിയിലായത്.


Source link

Back to top button