BUSINESS
ഹോർമുസിൽ കുടുങ്ങി ഇന്ത്യയിലേക്കുള്ള ‘വൈറ്റ് ഗോൾഡും’, രാജ്യത്ത് കാൻസർ മരുന്നുകൾക്ക് വലിയ ക്ഷാമം

ഇറാൻ യുഎസ് യുദ്ധത്തിന് പിന്നാലെ ഇന്ത്യയിൽ മറ്റൊരു പ്രതിസന്ധി കൂടി. രാജ്യാന്തര വിപണിയിൽ നിന്നുള്ള പ്ലാറ്റിനം ലഭ്യത കുറഞ്ഞതോടെ കീമോതെറപ്പി ഉൾപ്പെടെ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് രാജ്യത്ത് ക്ഷാമം. കിമോതെറപ്പിക്ക് വ്യാപകമായി ഉപയോഗിക്കുന്ന സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ, ഒക്സാൽപ്ലാറ്റിൻ മരുന്നുകൾക്കാണ് പ്രതിസന്ധി. മാസങ്ങളായി മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിൽ ഇത് രൂക്ഷമായത്. ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകളിലുൾപ്പെടെ മരുന്നുകൾ ഔട്ട് ഓഫ് സ്റ്റോക്കാണ്. ശരീര ഭാഗങ്ങളിലെ അർബുദ രോഗത്തിനുള്ള കീമോതെറപ്പിക്കാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്.സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ തുടങ്ങിയ മരുന്നുകൾ നിർമിക്കുന്നത് പ്ലാറ്റിനത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാണ്. ഇവയുടെ ഇറക്കുമതി ചെലവ് കഴിഞ്ഞ ഒരു വർഷത്തിനിടെ 45 ശതമാനത്തോളം വർധിച്ചു. ഇറാൻ – യുഎസ് യുദ്ധഭീഷണി കനത്തതോടെ ഈ വർഷം ജനുവരിയിൽ പ്ലാറ്റിനം വില റെക്കോർഡിട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗ്രാമിന് 3900 രൂപയായിരുന്നു ഇന്ത്യയിലെ പ്ലാറ്റിനം വില. 2026 ഫെബ്രുവരിയിൽ ഇത് ഗ്രാമിന് 8000 രൂപ വരെ ഉയർന്നു. യുദ്ധം തുടങ്ങിയതിനു പിന്നാലെ വില കുത്തനെ ഇടിഞ്ഞെങ്കിലും ഹോർമുസ് അടഞ്ഞത് ഇന്ത്യയിലേക്കുള്ള പ്ലാറ്റിനം ഇറക്കുമതിയെ സാരമായി ബാധിച്ചെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.പ്ലാറ്റിനം ഇറക്കുമതിക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് യുഎഇയെയാണ്. ഒപ്പം തായ്‌ലൻഡ്, ടാൻസാനിയ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നും ‘വൈറ്റ് ഗോൾഡ്’, ‘ലിറ്റിൽ സിൽവർ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ലോഹം ഇറക്കുമതി ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധവും തുടർന്നുണ്ടായ ഹോർമൂസ് പ്രതിസന്ധിയും പ്ലാറ്റിനത്തിന്റെ ലഭ്യതയിൽ വലിയ കുറവുണ്ടാക്കി. ഇത് പ്ലാറ്റിനം അധിഷ്ഠിത കീമോതെറപ്പി മരുന്നുകളുടെ നിർമാണച്ചെലവ് ഉയർത്തി. എന്നാൽ സർക്കാരിന്റെ വില നിയന്ത്രണമുള്ളതിനാൽ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമറാൻ കഴിയുന്നില്ലെന്നാണ് കമ്പനികളുടെ പരാതി. ഇത് കമ്പനികളുടെ ലാഭശതമാനത്തെയും ബാധിച്ചിട്ടുണ്ട്. ജീവൻരക്ഷാ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ സർക്കാർ നിർദേശിച്ച പരിധിക്കപ്പുറം ഈ മരുന്നുകളുടെ വില കൂട്ടാൻ കഴിയില്ല. ഇതോടെ പല കമ്പനികളിലും മരുന്നു നിർമാണം നിലച്ച സ്ഥിതിയാണ്. ഇതിനു പരിഹാരം കാണാൻ വിലനിയന്ത്രണത്തിൽ 50 ശതമാനം വർധന വരുത്തണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാൽ നിലവിലെ പ്രതിസന്ധി ഈ മരുന്നുകളുടെ വില കൂട്ടാൻ കമ്പനികൾ തന്നെ സൃഷ്ടിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്.കൃത്യമായ സമയക്രമം അനുസരിച്ചുള്ളതാണ് കാൻസർ ചികിത്സ. നിലവിൽ കീമോതെറപ്പിക്ക് വിധേയരായികൊണ്ടിരിക്കുന്ന രോഗികളെയാണ് മരുന്ന് ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.ചുരുക്കം ആശുപത്രികളിലാണ് കീമോതെറപ്പിക്ക് സൗകര്യമുള്ളത്. മരുന്നിന് ക്ഷാമമുണ്ടായാൽ ചികിത്സ വൈകുന്നതിനും രോഗവ്യാപനത്തിനും ഇടയാകും. മരുന്ന് ക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് ഉടൻ തീരുമാനമുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നത്.പ്രതിവർഷം ഏകദേശം 14 ലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇന്ത്യയിൽ പ്ലാറ്റിനം അധിഷ്ഠിത കീമോതെറപ്പി ചികിത്സ ഒഴിവാക്കാനാകാത്തതാണെന്ന് ആരോഗ്യമേഖലയിലുള്ളരും പറയുന്നു. ഇന്ത്യയിൽ ശതകോടികളുടെ വിപണിയാണ് കാൻസർ ചികിത്സ മേഖല.കേന്ദ്രസർക്കാർ അവശ്യ മരുന്നായി അംഗീകരിച്ച കാർബോപ്ലാറ്റിൻ പോലുള്ളവയുടെ ക്ഷാമം കേരളത്തിലെ ആശുപത്രികളെയും ബാധിച്ചിട്ടുണ്ടെന്ന് കാൻസർ രോഗ വിദഗ്ധനായ ഡോ.അജു മാത്യു മനോരമ ഓൺലൈനോട് പറഞ്ഞു. പല രോഗികൾക്കും ബദൽ മരുന്നുകളാണ് ഇപ്പോൾ നൽകുന്നത്. നിലവിലെ പ്രതിസന്ധി രോഗികളെ ബാധിക്കാൻ ഇടയുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തിൽ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock /somkanae sawatdinakൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


