ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാന്‍ ശ്രമം തുടരും: പി സി വിഷ്ണുനാഥ്

കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ശക്തമായി തുടരുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് . ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് കോവളം ലീല ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ നിന്ന് കേരള ടൂറിസത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും വരാനിരിക്കുന്ന ബജറ്റില്‍ അവ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.
പൈതൃകം, ഉത്തരവാദിത്ത ടൂറിസം, ആയുര്‍വേദ പാരമ്പര്യം, മനോഹരമായ ബീച്ചുകള്‍, കായലുകള്‍, ഹില്‍സ്റ്റേഷനുകള്‍, സാംസ്‌കാരിക വൈവിധ്യം എന്നിവയിലൂടെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെയാണ് സംസ്ഥാനം ആകര്‍ഷിക്കുന്നത്. സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ പ്രധാന നെടുംതൂണുകളിലൊന്നാണ് ടൂറിസം മേഖലയെന്നും വിവിധ അനുബന്ധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ മേഖല നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (പി.പി.പി.) സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ ടൂറിസം ഓപ്പറേറ്റര്‍മാര്‍, നിക്ഷേപകര്‍, പ്രാദേശിക സമൂഹം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കേരള ടൂറിസത്തിന്റെ വളര്‍ച്ചയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് പോലുള്ള വേദികള്‍ ടൂറിസം മേഖലയിലെ ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ-വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Source link
NEWS


