NEWS

‘ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കരുത്,​ അത് വരുമ്പോൾ നമുക്ക് കാണം’: പിണറായി വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണ കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭയിൽ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. അടിയന്തര പ്രമേയം ചർച്ചയ്ക്കെടുക്കാതെ സ്പീക്കർ തള്ളി.

‘ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണം. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്’ പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി സതീശൻ തയ്യാറുണ്ടോ എന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിർഭാഗ്യകരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പെട്രോൾ ഡീസൽ വിലവർദ്ധനവ് അതീവ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇനിയും പ്രതിസന്ധി കൂടുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് ഇതിനിടയാക്കിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തിന് മുമ്പ് എണ്ണയ്ക്ക് 70 ഡോളറായിരുന്നു വീപ്പയ്ക്ക് ഉണ്ടായിരുന്നത്. അപ്പോഴും നമ്മുടെ രാജ്യത്ത് എണ്ണ വിലയിൽ കുറവുണ്ടായിരുന്നില്ല. പഴയ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് എണ്ണ കമ്പനികൾക്ക് വില നിർണയാധികാരം നൽകിയത്. കോൺഗ്രസ് തുടങ്ങിയത് ബിജെപി ശക്തമായി തുടരുന്ന കാഴ്ചയാണ് കാണുന്നത്. കമ്പനികൾ രണ്ട് ലക്ഷം കോടി രൂപയുടെ ലാഭമാണ് കൊയ്‌തെടുത്തത്. -പ്രതിപക്ഷ നേതാവ് പറഞ്ഞു

അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ലാത്തതുകൊണ്ട് വെനസ്വേലയിൽനിന്നും റഷ്യയിൽനിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിച്ചു. 40 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു റഷ്യൻ എണ്ണയ്ക്ക്. യുഎസ് താൽപര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി. രാജ്യത്ത് ഇതിന്റെ ഭാഗമായി രൂക്ഷമായ വിലവർധനവുണ്ടായി. കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനത്തെ കുറ്റപ്പെടുത്താൻ തയ്യാറാകണം. എക്‌സൈസ് ഡ്യൂട്ടി വർധനവ് ഒഴിവാക്കണമെന്ന് സംസ്ഥാനത്ത് ആവശ്യപ്പെടാമല്ലോ. ഫലപ്രദമായ ഇടപെടൽ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം.- പിണറായി വിജയൻ പറഞ്ഞു

‘നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം ഇന്ധനവില വില വർദ്ധിപ്പിച്ചത്. കേന്ദ്രം വില കൂട്ടുമ്പോഴെല്ലാം സംസ്ഥാനത്തിന്റെ മേൽ കെട്ടിവയ്ക്കുക എന്നതായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എടുത്തിരുന്ന നിലപാട്. സംസ്ഥാനം നികുതി കുറച്ചാൽ ജനങ്ങൾ ആശ്വാസം ലഭിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ സാധാരണ നിലയിലുള്ള വിലവർദ്ധനവല്ല ഉണ്ടായിട്ടുള്ളത്. രൂക്ഷമായ പ്രതിസന്ധിയാണ് ഉള്ളത്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.


Source link
NEWS

Back to top button