NEWS

സ്കൂട്ടർ യാത്രക്കാരിയെ കാട്ടാന കൊലപ്പെടുത്തി ഭർത്താവിന് പരിക്ക്  സംഭവം വയനാട് മേപ്പാടിയിൽ


പ്രദീപ് മാനന്തവാടി | Wednesday 27 May, 2026 | 1:29 AM

മേപ്പാടി (വയനാട്): ദമ്പതികൾ യാത്ര ചെയ്ത സ്കൂട്ടറിനെ പിന്തുടർന്ന കാട്ടാനയുടെ ചവി‌ട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തുമല കാശ്മീർ ഇല്ലിക്കൂടാരത്തിൽ ഷാജിയുടെ ഭാര്യ ജെസിയാണ് (45) മരിച്ചത്. പുത്തുമലയിൽ നിന്ന് മേപ്പാടിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഷാജിയും ജെസിയും. കാട്ടാനയെ കണ്ട് തിരിച്ചുപോയെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഭർത്താവ് ഷാജിക്ക് (51) നിസാര പരിക്കേറ്റു.

ഇന്നലെ രാവിലെ ആറരയോടെ മേപ്പാടി ചൂരൽമല റോഡിൽ പുത്തുമലയ്ക്കും കള്ളാടിക്കും ഇടയിലായിരുന്നു സംഭവം. ആന പിന്തുടരുന്നതിനിടെ സ്കൂട്ടർ നിറുത്തി ഇരുവരും ചിതറിയോടി. റോഡിൽ വീണ സ്കൂട്ടർ കുത്തിമറിച്ച ശേഷം ആന ജെസിയെ പിന്തുടർന്ന് ആക്രമിച്ചു. ആനയുടെ പിടിയിൽ നിന്ന് തെന്നിയോടിയ ഷാജിക്ക് നിലത്തു വീണാണ് പരിക്കേറ്റത്. സ്‌കൂട്ടറിന്റെ മുൻഭാഗം തകർന്നു. അക്രമത്തിന് ശേഷം റോഡിൽ നിലയുറപ്പിച്ച ആന മാറിപ്പോയതോടെ വഴിയാത്രക്കാ‌ർ ജെസിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൽപ്പറ്റയിലെ ഹോട്ടൽ ജോലിക്കാരിയാണ് ജെസി. മേപ്പാടി പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. പുത്തുമല ശ്മശാനത്തിൽ സംസ്‌കാരം നടത്തി. മക്കൾ: ഷൈമോൾ, അനുഷ, നാൻസി.

റോഡ് ഉപരോധിച്ചു,​ മന്ത്രിമാർ വരും

സംഭവത്തിൽ പ്രതിഷേധിച്ച് മേപ്പാടി ടൗണിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നാട്ടുകാർ റോഡ് ഉപരോധിച്ചു. ആനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിക് അലി ഉറപ്പുനൽകി. അടിയന്തര ധനസഹായമായി 14 ലക്ഷം രൂപ കൈമാറുമെന്ന് ഡി.എഫ്.ഒ പറഞ്ഞു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ കൈമാറി. കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പിൽ താത്കാലിക ജോലി നൽകും. ഈ മാസം 30ന് വനംമന്ത്രി ഷിബു ബേബി ജോൺ, കൃഷിമന്ത്രി ടി.സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉന്നതല യോഗം ചേരും.


Source link
NEWS

Back to top button