NEWS

കമ്മിഷണറുടെ ഓഫിസിനരികെ പാതിരാക്കൊലപാതകം; അനാഥാലയത്തിൽ പ്രവേശിക്കാനിരിക്കെ ദാരുണാന്ത്യം


കൊല്ലം ∙ നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന്റെ മൂക്കിനു താഴെ ലോട്ടറി വിൽപനക്കാരനെ അജ്ഞാതൻ ശ്വാസം മുട്ടിച്ചും ഇടിച്ചും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രൻ (65) ആണു ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. പണത്തിനു വേണ്ടിയുള്ള കൊലപാതകമാണെന്നാണു നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും കാണാനില്ല. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്‌ഷോപ്പിനു മുന്നിൽ ഞായർ രാത്രിക്കു 12.45ന് ശേഷമായിരുന്നു കൊലപാതകം. വർഷങ്ങളായി വീടുമായി പിണങ്ങിക്കഴിയുന്ന രാജേന്ദ്രൻ കഴിഞ്ഞ ഒരു മാസമായി വർക്‌ഷോപ്പിനു മുന്നിലാണു രാത്രി തങ്ങുന്നത്. കഴുത്തിൽ തുണി കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം.മരിച്ചുവെന്നു ഉറപ്പാക്കാൻ മുഖത്ത് ഇടിച്ചു പരുക്കേൽപിച്ച ശേഷം തൊട്ടടുത്തുള്ള പൈപ്പിൽ കെട്ടിയിട്ടു. മൃതദേഹത്തിനു സമീപം രക്തം തളം കെട്ടിക്കിടപ്പുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെ വർക്‌ഷോപ്പിലെത്തിയ തൊഴിലാളികളാണു മൃതദേഹം കണ്ടത്. അവർ ഉടൻ വർക്‌ഷോപ് ഉടമയെയും പൊലീസിനെയും വിവരം അറിയിച്ചു. സംഭവ സ്ഥലത്തു നിന്ന് കമ്മിഷണർ ഓഫിസിലേക്ക് 25 മീറ്റർ ദൂരം മാത്രമേയുള്ളൂ. സംഭവസമയത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.അനാഥാലയത്തിൽ പ്രവേശിക്കാനിരിക്കെ ദാരുണാന്ത്യം കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന രാജേന്ദ്രൻ, അഭയത്തിനായി ഏതെങ്കിലും അനാഥാലയത്തെ സമീപിക്കാം എന്നു കരുതിയിരിക്കുമ്പോഴാണ്, പാതിരാത്രിയുടെ മറവിൽ കൊലപാതകി ജീവനെടുത്തത്. പത്തനാപുരം ഗാന്ധിഭവനിലേക്കു പോകാൻ ആലോചിച്ചിരുന്നുവെന്നു ദിവസങ്ങൾക്കു മുൻപ് തന്നെ കണ്ടപ്പോൾ അറിയിച്ചിരുന്നുവെന്നു രാജേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്റെ മകൻ ബൈജു പൊലീസിനു മൊഴി നൽകി. കഴിഞ്ഞ ദിവസം രാജേന്ദ്രൻ ഗാന്ധി ഭവനിലെത്തിയിരുന്നു. പൊലീസിന്റെ റിപ്പോർട്ട് വേണമെന്നു നിർദേശിച്ചതിനാൽ മടങ്ങിപ്പോന്നു. കൊല്ലത്തെത്തിയ രാജേന്ദ്രൻ പരിചയമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനോടു കാര്യം പറഞ്ഞു. പൊലീസുകാരൻ ശക്തികുളങ്ങരയിലെ സാമൂഹിക പ്രവർത്തകനെ ബന്ധപ്പെട്ടു. ഇയാളുടെ സഹായത്തോടെ കരുനാഗപ്പള്ളിയിലെ അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നു തീരുമാനമായി.


Source link

Back to top button