‘ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞുചിരിക്കാനുള്ള ഡിജിറ്റൽ കണ്ടന്റാക്കരുത്’: ‘അമ്മ’യിലെ തർക്കത്തിൽ രമേശ് പിഷാരടി

പാലക്കാട്: താരസംഘടനയായ ‘അമ്മ’യിലെ തർക്കത്തിൽ പ്രതികരണവുമായി നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. വാർത്താസമ്മേളനത്തിലാണ് പിഷാരടി ‘അമ്മ’യിലെ വിവാദത്തെ കുറിച്ച് സംസാരിച്ചത്. പരാതിക്കാരിയായ അൻസിബാ ഹസനോടും ആരോപണവിധേയനായ ടിനി ടോമിനോടും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനോടും താൻ സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്തിക്കാതെ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും പിഷാരടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുതിർന്ന അംഗങ്ങളുടെ സഹായത്തോടെയോ അല്ലാതെയോ ആഭ്യന്തരമായ യോഗം വിളിച്ചുകൂട്ടി അതിൽ ഏറ്റവും ഉചിതമായ നീതി എന്താണോ അത് നടപ്പാക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഷ്ടിച്ച് 500 പേർ മാത്രമുള്ള സംഘടനയാണ് ‘അമ്മ’. സിനിമാ സംഘടന ആയതിനാൽ വലിയ മാദ്ധ്യമശ്രദ്ധയാണ് സംഘടനയ്ക്ക് ലഭിക്കുന്നത്.- രമേശ് പിഷാരടി പറഞ്ഞു. സിനിമയ്ക്ക് പുറത്തുള്ള പ്രായമായ കലാകാരന്മാരുടെ ജീവനോപാധിയും പെൻഷനും മുടങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുമ്പ് ‘അമ്മ’ സംഘടനയിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഒരു സ്ത്രീ ഭാരവാഹി വരണമെന്ന ആഗ്രഹത്തോടെ താൻ മാറിക്കൊടുത്ത സീറ്റിലേക്കാണ് അൻസിബയെ പോസ്റ്റ് ചെയ്തതെന്നും പിഷാരടി പറഞ്ഞു.
‘പൊതുജനങ്ങൾ ഇത്രയധികം ചർച്ച ചെയ്യുന്ന അവസ്ഥയിലേക്ക് സംഘടനയുടെ ആഭ്യന്തരകാര്യങ്ങളെ എത്തിക്കേണ്ടതില്ലായിരുന്നു. എത്രയും പെട്ടെന്ന് സംഘടനയുടെ അകത്ത് തന്നെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാതെ ഡിജിറ്റൽ കണ്ടന്റായോ ആളുകൾക്ക് പറഞ്ഞ് ചിരിക്കാവുന്ന അവസ്ഥയിലേക്കോ എത്തിക്കേണ്ടതില്ല.’ -പിഷാരടി പറഞ്ഞു.
Source link
NEWS


