NEWS

‘കേരളത്തെ അഴിമതി മുക്തമാക്കാനായി പ്രോജക്‌ട് സീറോ; അഴിമതിക്കാരായ നേതാക്കളെ വിജിലൻസ് നിരീക്ഷിക്കും’

തിരുവനന്തപുരം: കേരളത്തെ പരിപൂർണമായും അഴിമതിമുക്തമാക്കുന്നതിനായി പ്രോജക്‌ട് സീറോ പദ്ധതി ആവിഷ്‌കരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിനായുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ പാവപ്പെട്ടവർക്ക് സേവനം ലഭിക്കുന്നത് ഉറപ്പുവരുത്തും. പ്രോജക്‌ട് സീറോ പദ്ധതി ഒരു വിപ്ളവമായിരിക്കും. എവിടെ അഴിമതി കണ്ടാലും വിവരമറിയിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല. അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെ സഹകരണം വേണം. അതിന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി തടയും. ട്രാപ്പ് കേസുകൾ കൂട്ടും. വിജി മാന്യുവൽ പരിഷ്‌കരിക്കുമെന്നും ഇതിനായുള്ള കരട് തയ്യാറായെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന ഇല്ലാതാക്കാനായി ‘ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ട്’ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പൊലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കും. വർഷങ്ങളായി സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ പൊലീസ് ആക്‌ട് പ്രകാരം മാറ്റും. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകൾക്കും ഒരു പുതിയ മുഖം ഉണ്ടാകും. പ്രവർത്തനങ്ങളിലും കാര്യക്ഷമമായ മാറ്റങ്ങളുണ്ടാകും. പൊലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റും.

സംസ്ഥാനത്ത് വളരെ വലിയ തോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ട്’ , എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുകയാണ്. കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കാനാണ് ഈ ഓപ്പറേഷനെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


Source link
NEWS

Back to top button