NEWS

കയറാൻ ചെങ്കുത്തായ പടവുകൾ, മുകളിൽ കാത്തിരിക്കുന്നത് വിസ്മയ ലോകം; ട്രക്കിംഗ് പ്രേമികൾക്കായി ഇതാ ഒരു സുന്ദര സ്പോട്ട്!

ജോലി തിരക്കുകളിൽ നിന്നും നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ നിന്നുമെല്ലാം കുറച്ച് സമയത്തേക്ക് എങ്കിലും മാറിനിൽക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം അല്പം രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ അത്തരകാർക്കുമെല്ലാം ഒരുപോലെ അനുയോജ്യമായ ഒരു വിനോദസഞ്ചാര, ട്രെക്കിംഗ് കേന്ദ്രമാണ് തമ്പുരാൻ പാറ. രാമായണകാലത്ത് ഹനുമാൻ, മരുത്വാമലയുമായി ലങ്കയിലേക്ക് പോകുമ്പോൾ അതിന്റെ ഒരുഭാഗം ഇവിടെ വീണെന്നും അങ്ങനെയാണ് തമ്പുരാൻ പാറ രൂപപ്പെട്ടതെന്ന തരത്തിലുള്ള പഴംകഥയുണ്ടെങ്കിലും പ്രകൃതി കനിഞ്ഞുനൽകിയ വരദാനമെന്നാണ് ഇവിടെത്തെ ഗ്രാമവാസികൾ പറയുന്നത്.

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെ മദപുരം എന്ന ഗ്രാമപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രകൃതിഭംഗിയും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് ഒരുപോലെ അനുയോജ്യമാണ്. പച്ചപ്പുനിറഞ്ഞ റബ്ബർ തോട്ടങ്ങൾക്കും കാടുകൾക്കും ഇടയിലൂടെ തുടങ്ങുന്ന യാത്ര പിന്നീട് ചെന്നുനിൽക്കുന്നത് ചെങ്കുത്തായ പടവുകളുടെ മുന്നിലാണ്. ഇനിയുള്ള യാത്ര അല്പം പ്രയാസകരമാണ്. ഏകദേശം 200ലധികം കുത്തനെയുള്ള പടവുകൾ കയറിവേണം തമ്പുരാൻ പാറയിലെത്താൻ.

പടവുകളുടെ ഒരു വശത്ത് കുറ്റിക്കാടുകളും മറുവശത്ത് ആഴമുള്ള ഗർത്തവുമാണ്. പടവുകൾ കയറിയുള്ള സാഹസിക യാത്ര ചെന്നുനിൽക്കുന്നത് മുത്തിപ്പാറയിലാണ്. ഇവിടെ അല്പനേരം വിശ്രമിച്ചിട്ടാണ് സഞ്ചാരികൾ തമ്പുരാൻ പാറയിലേയ്ക്കുള്ള യാത്ര തുടരുന്നത്. ഈ യാത്ര ചെന്നുനിൽക്കുന്നത് തമ്പുരാട്ടി പാറയിലാണ്. കിടക്കുന്ന ഒരു സ്ത്രീയുടെ ആകൃതിയുള്ളതാണ് തമ്പുരാട്ടി പാറ. ഈ പാറയും കടന്നു വേണം തമ്പുരാൻ പാറയിലെത്താൻ. തിരക്ക് വർദ്ധിച്ചതിനാൽ സഞ്ചാരികളുടെ സുരക്ഷിതമായ യാത്രയ്ക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പാറയുടെ മുകളിൽ കൈവരികൾ ഒരുക്കിയിട്ടുണ്ട്. തമ്പുരാൻ പാറയിൽ നിന്നുള്ള കുറച്ച് നേരത്തെ നടത്തം ഒടുവിൽ അവസാനിക്കുന്നത് പച്ചപ്പുനിറ‍ഞ്ഞ പ്രകൃതി ഭംഗിയുടെ അകമ്പടിയോടെ ഏതാണ്ട് 17 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന തമ്പുരാൻ പാറയിലാണ്.

സാഹസികമായ യാത്രയിൽ അനുഭവപ്പെട്ട ക്ഷീണവും പ്രയാസവും ഇവിടെ എത്തുന്നതോടെ ഇല്ലാതാകുമെന്നത് ഉറപ്പാണ്. തണുത്ത കാറ്റും ശുദ്ധ വായുവും ക്ഷീണമകറ്റും.ഒപ്പം കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ മനസിനെയും ശന്തമാക്കും. ചുരുക്കി പറഞ്ഞാൽ കാഴ്ചയുടെ സ്വർഗം തന്നെയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മഞ്ഞുകാലത്ത് മൂടൽമഞ്ഞും തണുത്തകാറ്റും ഇവിടം കൂടുതൽ ആസ്വാദ്യകരമാക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു ഓപ്ഷമില്ല. നഗരത്തിന്റെ ഏറിയ ഭാഗവും ശംഖുമുഖം കടപ്പുറവും ഇവിടെ നിന്നാൽ കാണാം.

കൊടും വേനലിലും വറ്റാത്ത നീരുറവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു സവിശേഷത. ഏകദേശം 15 അടി ഉയരമുള്ള ഭീമൻ ഗണപതി വിഗ്രഹമാണ് തമ്പുരാൻ പാറയുടെ മറ്റൊരു ആക‌ർഷണം. കാലാകാലങ്ങളായി ഇവിടുത്തുകാർ ആരാധിച്ചു പോരുന്ന ഒരു ഗുഹാക്ഷേത്രവും തമ്പുരാൻ പാറയിലുണ്ട്. ശിവരാത്രി ദിവസം പൊങ്കാലയും പ്രത്യേക പൂജകളും ഇവിടെ നടത്താറുണ്ട്. പതിനായിരക്കണക്കിന് ഭക്ഷജനങ്ങളാണ് ഈ ദിവസം തമ്പുരാൻ പാറയിലെത്തുന്നത്. ഈ ദിവസം വ്യത്യസ്ത നിറത്തിലുള്ള ലൈറ്റുകൾകൊണ്ട് അലങ്കരിച്ചിരിച്ച തമ്പുരാൻ പാറ കാണാൻ വിദേശ സഞ്ചാരികളുൾപ്പെടെ ഇവിടെയെത്താറുണ്ട്. ശിവരാത്രി ദിവസം വ്രതം അനുഷ്ടിക്കുന്നവ‍ർക്കും ഇവിടെ എത്തുന്നവർക്കുമായി വ്യത്യസ്ത കലാനൃത്ത പരിപാടികളും പ്രത്യേകം സ‌ജ്ജീകരിച്ച വേദിയിൽ അരങ്ങേറും. ഒപ്പം സായാഹ്ന ഭക്ഷണവും ഇവിടെ എത്തുന്നവർക്ക് നൽകാറുണ്ട്.

വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് സൊറ പറഞ്ഞിരിക്കാനും പ്രകൃതി ഭംഗി ആസ്വാദിക്കാനും ഒരിക്കൽ തമ്പുരാൻ പാറയിലെത്തുന്നവർ പിന്നീട് വീണ്ടും ഇവിടേയ്ക്ക വരുന്നത് പതിവാണ്. ഇവിടെ എത്തുന്നവർക്കായി വിശ്രമ കേന്ദ്രം കെട്ടിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ ഇനിയും അറ്റുകുറ്റ പണികൾ നടത്താനുണ്ട്. പിക്നിക്കിന് വരുന്നവ‍ർ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ പാക്കറ്റുകളും ഇവിടെ ഉപേക്ഷിച്ചുപോകുന്നതാണ് പ്രധാന പ്രശ്നം. ഇത്തരം വിഷയങ്ങളിൽ അധികൃതർ കൃത്യമായ നടപടി സ്വീകരിച്ച് ഇവിടത്തെ പ്രകൃതി ഭംഗിയെ കാത്തുസൂക്ഷിച്ചാൽ തലസ്ഥാനത്ത് നിലവിലുള്ള ഏറ്റവും മികച്ച വിനോദ സ‌ഞ്ചാര കേന്ദ്രങ്ങളിലൊന്നായി തമ്പുരാൻ പാറ മാറും.

എല്ലായ്പ്പോഴും പോകാൻ പറ്റിയ ഇടമാണെങ്കിലും മൺസൂൺ മാസങ്ങളിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പാറക്കെട്ടുകളിൽ വഴുക്കൽ ഉണ്ടാകുന്നതിനാൽ അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. കൂടാതെ, കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പേരുകേൾക്കുമ്പോൾ അത്ര പരിചയം പോരെങ്കിലും ആദ്യകാഴ്ചയിൽ തന്നെ ഈ പാറക്കൂട്ടങ്ങളുമായി ആരും പ്രണയത്തിലാകും.

TAGS: THAMPURAN PARA, TOURISM, TOURIST DESTINATION, KERALAM, THIRUVANANTHAPURAM, TRUCKING


Source link
NEWS

Back to top button