യൂത്ത് കോൺഗ്രസ് പ്രവർകത്തകരെ മർദിച്ച സംഭവം; മൊഴി തിരുത്താൻ സഹായിച്ച ഉന്നത ഉദ്യോഗസ്ഥൻ കുടുങ്ങും

തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ കുടുങ്ങാൻ സാദ്ധ്യത. കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്റെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴിനൽകാനാണ് നിർദേശം. കേസ് ഫയൽ തിരുത്തിയെന്ന് അന്വേഷണ സംഘത്തിലെ എസ്ഐയും രണ്ട് പൊലീസുകാരും മൊഴി നൽകിയിരുന്നു.
അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയ്യാറാക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപിക്കെതിരെയാണ് ആരോപണം. മൊഴി തിരുത്താൻ കരുക്കൾ നീക്കിയ ഉന്നതനും കുടുങ്ങുമെന്നാണ് വിവരം. വ്യാജരേഖയുണ്ടാക്കിയതിന് നിയമനടപടി നേരിടേണ്ടിവരും. ഔദ്യോഗിക രേഖകളിലും കൃത്യമം നടത്തി എന്നാണ് വിവരം.
കേസിൽ കൂടുതൽപേർ പ്രതികളാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഗൺമാൻ അനിൽകുമാർ, സുരക്ഷ സേനയിലെ സന്ദീപ് എന്നിവരാണ് നിലവിലെ പ്രതികൾ. എന്നാൽ, വീഡിയോ ദൃശ്യങ്ങളിൽ കൂടുതൽപേർ ലാത്തികൊണ്ട് അടിക്കുന്നത് വ്യക്തമാണെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് ആദ്യം പിടിച്ചു മാറ്റിയിരുന്നു. എന്നിട്ടും ഗൺമാൻമാർ മർദിച്ചു. അന്ന് സംഭവസ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. ആലപ്പുഴ എംഎൽഎ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുൾപ്പെടെ മർദനമേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും എസ്ഐടി അറിയിച്ചു.
Source link
NEWS


