test del 3
പാർട്ടി പിറന്ന തമിഴ്നാട്ടിൽ ലീഗിന് ആദ്യ മന്ത്രിസ്ഥാനം; പാർട്ടിക്ക് മന്ത്രിമാരെ ലഭിച്ച മൂന്നാമത്തെ സംസ്ഥാനം

മലപ്പുറം ∙ ആടുതുറൈ ഷാജഹാൻ എന്ന എ.എം.ഷാജഹാൻ തമിഴ്നാട്ടിലെ വിജയ് മന്ത്രിസഭയിൽ അംഗമാകാനൊരുങ്ങുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ പിറക്കുന്നതു അഭിമാനത്തിന്റെ പുതിയ അധ്യായം. പാർട്ടി പിറന്ന സംസ്ഥാനത്ത് രൂപീകരണത്തിന്റെ 78–ാം വർഷമാണ് ലീഗിന് അധികാര പങ്കാളിത്തം ലഭിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ലീഗിന് മന്ത്രിമാരെ ലഭിച്ച മൂന്നാമത്തെ സംസ്ഥാനമായി ഇതോടെ തമിഴ്നാട് മാറും. കേരളവും ബംഗാളുമാണ് മറ്റു 2 സംസ്ഥാനങ്ങൾ. പടർന്നു പന്തലിച്ചത് കേരളത്തിലാണെങ്കിലും ലീഗ് പിറന്നു വീണത് തമിഴകത്താണ്. 1948ൽ മദ്രാസിലെ ബാങ്ക്വിറ്റിങ് ഹാളിലാണ് (ഇന്നത്തെ രാജാജി ഹാൾ) ലീഗ് പിറന്നത്. കേരള രൂപീകരണത്തിനു മുൻപേ പാർട്ടിക്ക് തിരഞ്ഞെടുപ്പു വിജയം നൽകിയതും തമിഴകമാണ്. 1952ൽ ആദ്യ തിരഞ്ഞെടുപ്പു കാലത്ത് മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാണ്.1967ൽ ലീഗും കമ്യൂണിസ്റ്റ് പാർട്ടികളും ഉൾപ്പെട്ട സഖ്യത്തിന്റെ സഹായത്താലാണ് ഡിഎംകെ തമിഴ്നാട്ടിൽ ആദ്യമായി ഭരണം പിടിച്ചത്. അന്ന് ലീഗിന് 3 എംഎൽഎമാരുണ്ടായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഡിഎംകെയുടെയോ അണ്ണാഡിഎംകെയുടെയോ സഖ്യകക്ഷിയായിട്ടായിരുന്നു ലീഗിന്റെ മത്സരം. പലവട്ടം സഖ്യത്തിനു ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. എന്നാൽ, അധികാരം പങ്കിടുന്ന പതിവ് ദ്രാവിഡ പാർട്ടികൾക്കില്ലാത്തതിനാൽ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചില്ല.രാജ്യത്ത് ലീഗിന് ആദ്യമായി മന്ത്രിസഭാ പ്രാതിനിധ്യം ലഭിച്ചത് കേരളത്തിലാണ്. 1967ൽ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിൽ സി.എച്ച്.മുഹമ്മദ് കോയയും എം.പി.എം.അഹമദ് കുരിക്കളുമാണു മന്ത്രിമാരായത്. ബംഗാളിൽ 1971ലെ അജോയ് മുഖർജി മന്ത്രിസഭയിലാണ് ലീഗിന്റെ സമുന്നത നേതാവ് എ.കെ.എം.ഹസനുസ്സമാൻ മന്ത്രിയായത്. 3 മാസം മാത്രമായിരുന്നു മന്ത്രിസഭയുടെ ആയുസ്സ്. അന്ന് ബംഗാളിൽ ലീഗിന് 7 എംഎൽഎമാരുണ്ടായിരുന്നു. പിന്നീടൊരിക്കലും ലീഗിന് വംഗനാട്ടിൽ ഭരണപങ്കാളിത്തം ലഭിച്ചില്ല. ചരിത്രത്തിലെ ഏറ്റവും കൂടുതൽ എംഎൽഎമാരെന്ന സുവർണ നേട്ടമാണ് ഇത്തവണ കേരളം ലീഗിനു സമ്മാനിച്ചത്. അയൽപക്കമായ തമിഴകത്ത് ഭരണ പങ്കാളിത്തം ലഭിക്കുമ്പോൾ പാർട്ടിക്കിത് ഇരട്ടിമധുരം.
Source link


