test del 3
തോൽവിക്കു പുതിയ കാരണങ്ങൾ കണ്ടെത്തി സിപിഎം കണ്ണൂർ നേതൃത്വം; പയ്യന്നൂരിലും പേരാവൂരിലും ബിജെപി സ്ട്രാറ്റജിക് വോട്ട്

കണ്ണൂർ ∙ സംഘടനാതലത്തിലും ഭരണതലത്തിലുമുണ്ടായ വീഴ്ചകൾ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നിലുണ്ടെന്നു പാർട്ടിയിലാകെ വിമർശനമുയരുമ്പോൾ തോൽവിക്കു പുതിയ കാരണങ്ങൾ കണ്ടെത്തുകയാണ് കണ്ണൂരിൽ സിപിഎം നേതൃത്വം. ന്യൂനപക്ഷ വർഗീയത തിമിർത്താടിയതാണ് യുഡിഎഫ് ജയിക്കാൻ കാരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറയുന്നു. മതം നോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂ, പള്ളിനോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പ്രചരിപ്പിച്ചു. ബിജെപി നൽകിയ സ്ട്രാറ്റജിക് വോട്ടിലൂടെയാണ് പയ്യന്നൂരിലും പേരാവൂരിലും യുഡിഎഫ് ജയിച്ചതെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇടതുപക്ഷത്തിന്റെ വളർച്ചകണ്ടു ഭയന്ന തീവ്രവലതുപക്ഷം ഇടതുപക്ഷത്തെ തകർക്കാൻ തീരുമാനിച്ചതാണ് എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ നിരീക്ഷിക്കുന്നു. പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ശൈലി ഉൾപ്പെടെ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായെന്ന് പാർട്ടിയിലാകെ ചർച്ച നടക്കുമ്പോഴാണ്, വർഗീയ ശക്തികൾ പിന്തുണച്ചതിനാലാണ് യുഡിഎഫ് ജയിച്ചതെന്ന പ്രചാരണം സിപിഎം നേതാക്കൾ നടത്തുന്നത്. ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലിനു ശേഷം താഴെത്തട്ടിലേക്കു തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ പോകുന്നതേയുള്ളൂ. അതിനു മുൻപ്, പാർട്ടിക്കകത്ത് വ്യക്തി കേന്ദ്രീകൃതമായി ഉയരുന്ന വിമർശനങ്ങളുടെ മുനയൊടിക്കാനുള്ള നീക്കമായി ഇപ്പോഴത്തെ വ്യാഖ്യാനങ്ങൾ വിലയിരുത്തപ്പെടുന്നു. തോൽവിയുടെ യഥാർഥ കാരണം മറച്ചുവച്ച് താൽക്കാലികമായി രക്ഷപ്പെടാനുള്ള പഴുതുകൾ തേടുകയാണു നേതൃത്വമെന്നാണ് ആക്ഷേപം. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തോൽവി സത്യസന്ധമായി പരിശോധിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർഥ കാരണങ്ങൾ മറച്ചുപിടിക്കാനുള്ള ശ്രമം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ ഒരു ലക്ഷത്തോളം പേർ അധികമായി വോട്ട് ചെയ്തിട്ടും ജില്ലയിൽ എൽഡിഎഫിന് ഇത്തവണ 1.11 ലക്ഷം വോട്ടുകൾ കുറഞ്ഞുവെന്നാണു കണക്കുകളിൽ കാണുന്നത്.
Source link

