‘വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…’

തിരുവനന്തപുരം: സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് രാവിലെ 10ന്. ആൾക്കൂട്ടത്തെ കടന്ന് ഗവർണർ ആർ.വി. ആർലേക്കർ വേദിയിലെത്തിയപ്പോൾ സമയം 10.09. ഖാർഗെ, രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ എന്നിവർക്ക് കൈകൊടുത്ത ഗവർണർ, രാഹുലിനെയും പ്രിയങ്കയെയും തൊഴുതു. ആദ്യം ആലപിച്ചത് വന്ദേമാതരം. പിന്നാലെ ദേശീയഗാനവും. സത്യപ്രതിജ്ഞ തുടങ്ങാൻ ഗവർണറുടെ അനുമതി തേടിയ ചീഫ് സെക്രട്ടറി 10.16ന് സതീശനെ ക്ഷണിച്ചു.രാഹുലിന് കൈകൊടുത്ത്, പ്രിയങ്കയോട് കൈകൂപ്പി, കക്ഷിനേതാക്കളെയെല്ലാം വണങ്ങി സതീശൻ എത്തി. ‘വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…”” എന്നു പറഞ്ഞതോടെ സ്റ്റേഡിയമാകെ ആവേശത്തിൽ ഇളകിമറിഞ്ഞു. സത്യവാചകത്തിലെ ‘മുഖ്യമന്ത്രി എന്ന നിലയിലുള്ള ‘ എന്നത് പറഞ്ഞപ്പോഴും ജനക്കൂട്ടം ഇരമ്പി. ദൈവനാമത്തിൽ പ്രതിജ്ഞ പൂർത്തിയാക്കി 10.18ന് ഗവർണർക്ക് കൈകൊടുത്ത്, വേദിയെ വണങ്ങി ഔദ്യോഗിക രേഖകളിൽ സതീശൻ ഒപ്പുവച്ചു. ഗവർണർ ബൊക്കെ നൽകി. രാഹുലിനെ ആലിംഗനം ചെയ്തശേഷം പിണറായി, ഡി.കെ. ശിവകുമാർ രേവന്ദ്റെഡ്ഡി, രാജീവ് ചന്ദ്രശേഖർ അടക്കം എല്ലാവർക്കും കൈകൊടുത്തു. ദൈവത്തിന്റെയും സ്രഷ്ടാവിന്റെയും നാമത്തിലായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിജ്ഞ. മൂന്നാമതെത്തിയത് രമേശ് ചെന്നിത്തല. ആവരങ്ങൾക്കിടെ ഗവർണർ പ്രതിജ്ഞാവാചകം തുടങ്ങിയത് കേൾക്കാമായിരുന്നില്ല. രണ്ടാമതും ഗവർണർ ഞാൻ… എന്ന് ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ചെന്നിത്തലയുടെയും പ്രതിജ്ഞ. സണ്ണിജോസഫിനും ഗവർണർ രണ്ടാമതും സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.മുരളീധരന്റെ പേര് വിളിച്ചപ്പോൾ വീണ്ടും ആരവമുയർന്നു. രാഹുലിനെ ആലിംഗനം ചെയ്ത്, പ്രിയങ്കയെ തൊഴുത് ഇംഗ്ലീഷിലായിരുന്നു മുരളിയുടെ സത്യപ്രതിജ്ഞ.
Source link
NEWS


