test del 3
രണ്ടര വർഷം മന്ത്രിസ്ഥാനം; അരസമ്മതം മൂളി കാപ്പൻ; ‘ടേംസിലാകാതെ’ അനൂപ്

തിരുവനന്തപുരം ∙ അനൂപ് ജേക്കബിനും മാണി സി.കാപ്പനും മന്ത്രിസ്ഥാനത്തു ടേം വ്യവസ്ഥ എന്ന കോൺഗ്രസ് ഉപാധിയിൽ വഴങ്ങാതെ കേരള കോൺഗ്രസ് (ജേക്കബ്). ഫോണിലും നേരിട്ടുമുള്ള മാരത്തൺ ചർച്ചകൾക്കൊടുവിൽ മാണി സി.കാപ്പൻ രണ്ടാം ടേമിന് അരസമ്മതം മൂളിയെങ്കിലും പൂർണ ടേം വേണമെന്ന നിലപാടിൽ അനൂപ് ജേക്കബ് ഉറച്ചുനിൽക്കുകയാണ്. പ്രതിസന്ധികളിലെല്ലാം യുഡിഎഫിനൊപ്പംനിന്ന പാർട്ടിയാണെന്നും മുൻകാലങ്ങളിലെപ്പോലെ പൂർണ ടേം തന്നെ നൽകണമെന്നുമുള്ള നിലപാട് അനൂപ് ജേക്കബ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെയും അറിയിച്ചു. തർക്കം തീർക്കാനാകാതെ വന്നതിനാൽ ടേം വ്യവസ്ഥ പ്രഖ്യാപിച്ചില്ല. വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തോട് ‘അക്കാര്യങ്ങളെല്ലാം പിന്നീടു പറയാം’ എന്നായിരുന്നു സതീശന്റെ പ്രതികരണം.മന്ത്രിസഭാ കാലാവധി ഊഴംവച്ച് പങ്കിടുന്നതിൽ പാർട്ടികളിൽ രഹസ്യ ധാരണകളുണ്ടാകാറുണ്ട്; പലപ്പോഴും പാലിക്കപ്പെടാറില്ലെന്നു മാത്രം. എന്നാൽ, ലീഗ് അക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ കാര്യത്തിൽ അത്തരം ചില ധാരണകളുണ്ടെന്നു നിയുക്ത മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു.രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുല്ല വരുമ്പോൾ ഏതു മന്ത്രിയെയാണു മാറ്റുന്നത് എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നാണു ലീഗ് വ്യക്തമാക്കുന്നത്. മന്ത്രിമാരുടെ രണ്ടരവർഷത്തെ പ്രവർത്തനം പരിശോധിച്ച് ഒരാളെ മാറ്റുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. ജൂനിയറായ വി.ഇ.അബ്ദുൽ ഗഫൂറിനു പകരമായിട്ടാകും അബ്ദുല്ല വരികയെന്ന പ്രചാരണമുണ്ടെങ്കിലും അക്കാര്യം സസ്പെൻസാണെന്നുതന്നെ നേതാക്കൾ വ്യക്തമാക്കി. 4 ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം എൽഡിഎഫ് പകുത്തുനൽകിയ മാതൃകയാണ് അനൂപിന്റെയും കാപ്പന്റെയും കാര്യത്തിൽ യുഡിഎഫ് സ്വീകരിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ജനതാദളിലും (എസ്) എൻസിപിയിലും ടേം പങ്കിടാനുള്ള രഹസ്യധാരണ മന്ത്രിസഭാ രൂപീകരണത്തിലുണ്ടായെങ്കിലും നടപ്പായില്ല. രണ്ടു പാർട്ടിയിലും അതു തർക്കങ്ങൾക്കു കാരണമാകുകയും ചെയ്തു.
Source link


