കുളിരിന്റെ പാളങ്ങളിൽ

മിന്നൽ വണ്ടികളും വന്ദേഭാരതും ആദ്യമാദ്യം ഓടിയെത്താൻ മത്സരിക്കുമ്പോൾ അതിവേഗതയുടെ കാലത്ത് ഇപ്പോഴും കൽക്കരി തിന്നും വെള്ളം മോന്തിയും കരിമ്പുക തുപ്പിയും സുഖവാസകേന്ദ്രമായ ഊട്ടിയിൽ ഒരു വണ്ടി പയ്യെപ്പയ്യെ നീങ്ങുന്നുണ്ട്! ഏന്തിയും വലിഞ്ഞുമൊക്കെയാണ് സഞ്ചാരമെങ്കിലും അതിലൊന്നു കയറിപ്പറ്റാൻ വലിയ പാടാണ്. സഞ്ചാരികളുടെ തിരക്കു കാരണം ടിക്കറ്റ് കിട്ടാൻ വളരെ നേരത്തേ ബുക്ക് ചെയ്യണം. യുനെസ്കോയുടെ റെയിൽ ഭൂപടത്തിൽ ’പൈതൃക തീവണ്ടി” പദവിയുള്ള ഈ കുഞ്ഞൻ കരിവണ്ടിയിൽ ഒരു യാത്രയാകാം.
ഇപ്പോഴാണ് ഊട്ടിക്കു പോകാൻ പറ്റിയ സമയം. ഒരു ചെലവുമില്ലാതെ പ്രകൃതി ഒരു നാടുമുഴുവനും സെൻട്രലൈസ്ഡ് എ.സി പിടിപ്പിച്ചിരിക്കുന്നു! പിന്നെ എന്തുവേണം! എന്തായാലും ഒരു സ്വെറ്റർ ഒപ്പം കരുതുന്നത് നല്ലത്. ഊട്ടിയിൽ ഇപ്പോൾ ടൂറിസ്റ്റ് സീസൺ കൂടിയാണ്. ഫ്ലവർഷോ, ഫ്രൂട്ട് ഷോ, റോസ് ഷോ തുടങ്ങിയ ഉത്സവങ്ങളുടെ കാലം! ഊട്ടിയിലെ കൊച്ചു തീവണ്ടിയുടെ ചരിത്രം രസകരമാണ്. ’എൻ.എം.ആർ” എന്നചുരുക്കപ്പേരിൽ അറിയപ്പെടുന്ന ’നീലഗിരി മൗണ്ടൻ റെയിവേ ലൈൻ”കോയമ്പത്തൂരിനടുത്ത മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ്. സമുദ്രനിരപ്പിൽ നിന്ന് എണ്ണായിരത്തോളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പശ്ചിമഘട്ട മലനിരകളുടെ ഒരു ഭാഗമാണ് തമിഴ്നാട്ടിലെ ചെറിയ ജില്ലകളിൽ ഒന്നായ നീലഗിരി. ജില്ലയുടെ ആസ്ഥാനമാണ് ഊട്ടി. കൊടുങ്കാടായിരുന്ന ഈ മലനിരകൾ ജനവാസയോഗ്യമാക്കിയത് ബ്രിട്ടീഷ് ഇന്ത്യയിലെ കോയമ്പത്തൂർ കളക്ടർ ആയിരുന്ന ജോൺ സള്ളിവൻ ആണ്. മലേറിയയും കോടമഞ്ഞും കൊടും തണുപ്പും മാത്രമുണ്ടായിരുന്ന മലമ്പ്രദേശമായിരുന്നു നീലഗിരി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പുറംലോകം ശ്രദ്ധിക്കാതെകിടന്ന ഒരു പ്രദേശം. അപ്രാപ്യമായിരുന്ന ഈ മലനിരകളിൽ കയറാനും വിവരങ്ങൾ ശേഖരിക്കാനും പലരെയും അയച്ചെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. സമതലത്തിൽ നിന്ന് കൂനൂരിലേക്ക് ഒരു റെയിൽപ്പാത നിർമ്മിക്കാനുള്ള നിർദ്ദേശം റോഡ് ഉണ്ടാക്കുന്നതിനു മുമ്പ് 1854- ൽത്തന്നെ തുടങ്ങിയിരുന്നു എങ്കിലും 1876 വരെ ഒരു പുരോഗതിയും ഉണ്ടായില്ല. കുത്തനെയുള്ള മലമടക്കുകൾ വെട്ടിത്തെളിച്ച് ചെറിയ പാതയുണ്ടാക്കി അതിലൂടെ എൻജിൻ എന്നു പറയാനാവാത്ത ഒരു യന്ത്രം ഘടിപ്പിച്ച് , കപ്പിയും കയറും പോലുള്ള സംവിധാനം ഉപയോഗിച്ച് വലിച്ചുകയറ്റുകയും ഇറക്കുകയും ചെയ്ത അപകടം നിറഞ്ഞതും സാഹസികവുമായ ഒരു ജോലിയായിരുന്നു അത് . സ്വിസ് എൻജിനിയറായിരുന്ന റിഗ്ഗിൻ ബാക്ക് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ്. 1882- ൽ മേട്ടുപ്പാളയത്തു നിന്ന് അഞ്ചു കീ.മീ ദൂരത്തിൽ പാളം സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം.
പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. വളരെയേറെ പരിവർത്തനങ്ങൾക്കും ഒന്നിലധികം കമ്പനികളുടെ രൂപീകരണത്തിനും പിരിച്ചുവിടലിനും ശേഷം 1895 ഫെബ്രുവരിയിൽ നീലഗിരി റെയിൽവേ കമ്പനി സാഹസികമായ ഈ ജോലി ഏറ്റെടുത്തു. മേട്ടുപ്പാളയത്തുനിന്ന് കൂനൂർ വരെയുള്ള പാതയാണ് ആദ്യം പൂർത്തിയായത് . പിന്നെയും പത്തു വർഷത്തോളം കഴിഞ്ഞാണ് അത് ഊട്ടിവരെ നീട്ടിയത്. സമുദ്ര നിരപ്പിൽ നിന്ന് 325. 83 മീറ്റർ മാത്രം ഉയരമുള്ള മേട്ടുപ്പാളയത്തു നിന്ന് ആരംഭിക്കുന്ന ഈ റെയിവേ ലൈൻ ഊട്ടിയിലെത്തുമ്പോഴേക്കും 2197 മീറ്റർ ഉയരത്തിലാകുന്നു. അതായത് ഓരോ 12.5 അടി ദൂരം മുന്നോട്ടു പോകുമ്പോഴും സമുദ്രനിരപ്പിൽ നിന്ന് ഒരടി വീതം ഉയരം കൂടിക്കൊണ്ടിരിക്കുന്നു.വേറൊരു റെയിൽവേ ലൈനിലും ഇല്ലാത്ത റാക്ക് ആന്റ് പിനിയൻ (Rack & Pinion ) സംവിധാനമാണ് ഇവിടെയുള്ളത് . രണ്ടു പാളങ്ങൾക്കു നടുവിലായി നീളത്തിൽ പല്ലുകൾ ഘടിപ്പിച്ച മറ്റൊരു പാളംകൂടി ഇവിടെയുണ്ട്. എൻജിന്റെ അടിയിൽ പൽച്ചക്രവുമുണ്ട്. കുത്തനെയുള്ള കയറ്റം വരുമ്പോൾ എൻജിനും ബോഗികളും താഴേയ്ക്ക് തെന്നിപ്പോകാതിരിക്കാനുള്ള സുരക്ഷാമാർഗമാണ് ഈ പൽച്ചക്രങ്ങൾ. മുകളിലേക്ക് വരുമ്പോഴും താഴേക്ക് തിരിച്ചിറങ്ങുമ്പോഴും എൻജിന്റെ അടിയിലെ പൽച്ചക്രങ്ങളുടെ മുകളിലെ പല്ലിൽ പിടിച്ച് വളരെ സാവധാനമാണ് നീങ്ങുന്നത്. കുത്തനെ കയറ്റവും ഇറക്കവുമുള്ള മേട്ടുപ്പാളയം മുതൽ കൂനൂർ വരെയാണ് പല്ലു ഘടിപ്പിച്ച ഈ പാളങ്ങളുള്ളത്. ഈ ലൈനിന്റെ ഊട്ടിവരെ യുള്ള ദൂരം 41.6 കീ.മീ ആണ്. മുപ്പത്തൊന്ന് വലിയ പാലങ്ങളും പതിനാറ് ടണലുകളും 218 വളവുകളും ഈ ചെറിയ പാതയിലുണ്ട്. ഈ റൂട്ടിലെ ഏറ്റവും കൂടിയ വേഗത കേൾക്കണോ? മണിക്കൂറിൽ 13 കീ.മീ ! നാലോ അഞ്ചോ കമ്പാർട്ടുമെന്റുകളാണ് ഓരോ ട്രിപ്പിലും ഉണ്ടാവുക. ഓരോ കമ്പാർട്ടുമെന്റിന്റെയും നിയന്ത്രണത്തിന് ഓരോ ബോഗിയിലും ഓരോ ബ്രേക്ക്മാൻ ഉണ്ടാവും. നല്ല ഇറക്കത്തിലും കൊടുംവളവുകളിലും എൻജിന്റെ ബ്രേക്ക് കൊണ്ടു മാത്രം വണ്ടിയെ നിയന്ത്രിക്കാനാവില്ല. അങ്ങനെ വരുമ്പോൾ ഓരോ കമ്പാർട്ടുമെന്റിലെയും ബ്രേക്ക്മാന്മാരുടെ സഹായംകൂടി ആവശ്യമായിവരുമ്പോൾ എൻജിൻ ഡ്രൈവർ നല്കുന്ന വിസിലിന്റെ ശബ്ദവ്യതിയാനങ്ങളിലൂടെ ബ്രേക്ക്മാന്മാർ ഇത് മനസിലാക്കുകയും ആവശ്യാനുസരണം ബ്രേക്ക് പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഈ രീതിയും മറ്റെങ്ങുമില്ല!മേട്ടുപ്പാളയത്തു നിന്ന് രാവിലെ 6.40-ന് ഊട്ടിക്കും, വൈകുന്നേരം 2.50 -ന് ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്കും ഓരോ ട്രിപ്പ് മാത്രമേ ഈ ട്രെയിൻ സർവീസുള്ളൂ. സീസൺ സമയങ്ങളിൽ കുറച്ചുനാൾ ഓരോ സ്പെഷ്യൽ ട്രിപ്പുകൂടി ഉണ്ടാകും. കൂടാതെ, ഊട്ടി- കൂനൂർ റൂട്ടിൽ ഇടയ്ക്കിടെ ഷട്ടിൽ ട്രിപ്പുകൾ ഓടിക്കുന്നുണ്ട്. ഉല്ലാസ തീവണ്ടി ആയതിനാൽ ഇതിൽ ടോയ്ലെറ്റ് സൗകര്യമില്ല. എന്നാൽ അത്തരം ആവശ്യങ്ങൾക്കും ലഘുഭക്ഷണത്തിനും കാഴ്ചകൾ കാണാനുമൊക്കെയായി ഇടയ്ക്കിടെ ചെറിയ സ്റ്റേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്.1894-ൽ കൂനൂർ വരെയുള്ള ലൈനിന്റെ പണിപൂർത്തിയായ ശേഷം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു റെയിൽവേ സ്റ്റേഷൻ 1897- ൽ കൂനൂരിൽ പണിതീർത്തു. പിന്നെയും കുറേക്കഴിഞ്ഞാണ് ഈ ലൈൻ ഊട്ടിയിലേക്കു നീട്ടിയത്. മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയിൽ കൂനൂർ എന്ന പ്രധാന സ്റ്റേഷൻ കൂടാതെ കല്ലാർ, ഹില്ലഗ്രോവ് , ആഡർലി, റെണ്ണിമേട്, കാട്ടേരി, വെല്ലിങ്ടൻ, അരുവൻകാട്, കേത്തി, ലൗഡേൽ, ഫേൺഹിൽ എന്നിങ്ങനെ ചെറിയ സ്റ്റേഷനുകളുമുണ്ട്.ആദ്യ റെയിവേസ്റ്റേഷനായ കൂനൂരിന്റെ ശതാബ്ദി ആഘോഷിച്ച അവസരത്തിൽ പലരുടെയും നിവേദനങ്ങൾ മാനിച്ച് ഒരു ഡീസൽ എൻജിൻ റെയിൽവേ വകുപ്പ് കൂനൂരിന് അനുവദി ച്ചു. എങ്കിലും കയറ്റവും കൊടുംവളവുകളിലെ വേഗതയും അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ വലിയ വളവുകളും കയറ്റവുമില്ലാത്ത കൂനൂർ- ഊട്ടി റൂട്ടിൽ മാത്രമാണ് ഇപ്പോൾ ഡീസൽ എൻജിൻ ഓടിക്കുന്നത്.
Source link


