NEWS

കന്റോൺമെന്റ് ഹൗസിൽ മാരത്തോൺ ചർച്ച


തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് മാരത്തോൺ ചർച്ചയാണ് അരങ്ങേറിയത്. മുന്നണി യോഗത്തിന് മുമ്പായി ധാരണയിലെത്താൻ മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷി നേതാക്കൾ വി.ഡി.സതീശനെ കന്റോൺമെന്റ് ഹൗസിലെത്തി പ്രത്യേകമായാണ് കണ്ടത്.ഇതിനിടെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചെത്തിയവരെ സ്വീകരിക്കാനും സമയം കണ്ടെത്തി. കൊച്ചിയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് കന്റോൺമെന്റ് ഹൗസിലെത്തിയത്. കേരളകോൺഗ്രസ് (ജേക്കബ് ) നേതാവ് അനൂപ് ജേക്കബ് ആദ്യമെത്തി. പിന്നാലെ വന്ന കേരളാകോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫും മോൻസ് ജോസഫും രണ്ടുമന്ത്രി എന്ന ഡിമാന്റിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. മന്ത്രിസ്ഥാനം നേരത്തെതന്നെ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മാണി സി.കാപ്പനും ചർച്ചയിൽ പറഞ്ഞു.ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നായിരുന്നു പിന്നാലെ എത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും നേതാക്കളായ എൻ.കെ.പ്രേമചന്ദ്രനും എ.എ.അസീസും മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും പിന്നാലെ എത്തി. 11.30ഓടെ രമേശ് ചെന്നിത്തലയെ കാണാനായി അദ്ദേഹത്തിന്റെ വഴുതക്കാട്ടെ വസതിയിലേക്ക് വി.ഡി.സതീശൻ പോയി. രമേശുമായി പത്തുമിനിട്ടോളം സംസാരിച്ചു. മന്ത്രിസഭയിൽ ചേരുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നൽകി. ആഭ്യന്തര വകുപ്പ് നൽകുന്നതിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തു.


Source link
NEWS

Back to top button