test del 1

വില 3000 രൂപ മുതൽ ലക്ഷങ്ങൾ വരെ, വളർത്തുന്നത് യുവാക്കൾ, അധികൃതരുടെ വരവറിയിക്കാൻ ആളുകളും സജീവം

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം കിഴക്കൻ മേഖലയിലെ സംസ്ഥാന അതിർത്തിയിൽ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ച് കോഴിപ്പോര് സജീവമായി. ഇതോടെ പരിശോധന ശക്തമാക്കി പൊലീസ്. അതിർത്തി പ്രദേശങ്ങളായ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ചാണ് കോഴിപ്പോര് നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നടക്കം നിരവധിയാളുകൾ കോഴിപ്പോരിന് എത്താറുണ്ട്. വലിയ തുകയാണ് വാതുവെയ്ക്കുന്നത്.

ചിറ്റൂരിന്റെ കിഴക്കൻ മേഖലയിൽമാത്രം നൂറുകണക്കിന് യുവാക്കളാണ് പോരുകോഴികളെ പരിപാലിച്ചുവരുന്നത്. പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും അധികൃതർ വരുന്നത് നിരീക്ഷിക്കാനടക്കം തോപ്പുകളുടെ പരിസരങ്ങളിൽ ആളുകളെ നിറുത്തിയിട്ടുണ്ട്. 3,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് പോര് കോഴികളുടെ വില.

കഴിഞ്ഞദിവസം അഞ്ച് പോരുകോഴികളുമായി 5 പേർ പിടിയിലായിരുന്നു. കൊഴിഞ്ഞാമ്പാറയിൽ പണംവച്ച് കോഴിപ്പോര് നടത്തിയ സംഘമാണ് പിടിയിലായത്. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ പരിശോധനയിൽ പഴണിയാർപാളയത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് കോഴികളെയും 2,650 രൂപയും പിടിച്ചെടുത്തു. ഇൻസ്‌പെക്ടർ കെ.എസ്.സന്ദീപ്, എസ്.ഐ കെ.പി.ജോർജ്, ഗ്രേഡ് എസ്.ഐമാരായ വി.ജയകുമാർ, തോമസ് ഔസേപ്പ്, സീനിയർ സി.പി.ഒമാരായ എസ്.അനീഷ്, എൻ.ശരവണൻ, ബി.സഞ്ജു, പി.സുരേഷ്, വി.ഹരിദാസ്, സി.പ്രശാന്ത്, എസ്.അശോക്, ഹോംഗാർഡ് സി.വി.ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിന്നീട് അഞ്ച് കോഴികളെ 17,700 രൂപയ്ക്ക് സ്റ്റേഷനിൽ ലേലത്തിൽ വിറ്റു.

വാതുവയ്പ്പിനൊപ്പം ചോരക്കളിയാണ് കോഴിപ്പോര്. പരിശീലനം ലഭിച്ച കോഴികളുടെ കാലിൽ കത്തി കെട്ടി അങ്കത്തിനായി ഇറക്കും. കോഴി പരിക്കേറ്റ് പിടിഞ്ഞുവീണാലോ പിന്തിരിഞ്ഞാലോ മറ്റേ കോഴിയെ വിജയിച്ചതായി പ്രഖ്യാപിക്കും. തോറ്റ കോഴിയും പന്തയത്തുകയും വിജയിച്ചവർക്ക് കിട്ടും.

കോഴികൾക്ക് പ്രത്യേക പരിശീലനം

പ്രത്യേക ഇനത്തിൽപ്പെട്ട തെരഞ്ഞെടുത്ത പൂവൻ കോഴികൾക്ക് ഏഴു മാസം പിന്നിടുമ്പോഴാണ് പരിശീലനം നൽകുന്നത്. മറ്റ് കോഴികൾക്കൊപ്പം വിടാതെ കെട്ടിയിട്ടാണ് ഇവയെ വളർത്തുന്നത്. ശൗര്യവും ധൈര്യവും കൂട്ടാനാണിത്. പറന്നുയരാൻ വെള്ളത്തിൽ നീന്തിക്കുന്നതും പതിവാണ്.


Source link

Back to top button