test del 3
ശൈലജയെ മട്ടന്നൂരിൽനിന്ന് മാറ്റിയത് തോൽപിച്ച് ഒതുക്കാനാണെന്ന സംശയത്തിന് മറുപടിയുണ്ടാകുമോ?

കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ അടിമുടി തിരുത്തൽ ആഗ്രഹിച്ച് സിപിഎം തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലേക്കു കടക്കുന്നു. മുതിർന്ന നേതാക്കൾ പങ്കെടുത്ത് 15ന് ജില്ലാ സെക്രട്ടേറിയറ്റും 16, 17 തീയതികളിൽ ജില്ലാ കമ്മിറ്റിയും ചേരും. പിന്നാലെ ഏരിയ, ലോക്കൽ, ബ്രാഞ്ച് തലംവരെ പരിശോധന നടക്കും. തോൽവിയുടെ യഥാർഥ കാരണങ്ങൾ പഠിച്ച് പരിഹരിക്കാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള നീക്കമാണെങ്കിൽ തിരുത്തൽ വീണ്ടും പ്രഹസനമാകുമെന്ന ആശങ്കയിലാണ് അണികളിലേറെയും. പ്രവർത്തകരുടെ വികാരം മാനിക്കാതെ നേതൃത്വം കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകളാണ് പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയതെന്ന ചിന്ത ശക്തമാണ്. അത് അതേപടി മനസ്സിലാക്കി തിരുത്താൻ നേതൃത്വം തയാറാകുമോ, അതല്ല, അണികൾ നേതൃത്വത്തെ തെറ്റിദ്ധരിച്ചതാണെന്ന തരത്തിൽ ഉപായങ്ങൾ തേടുമോയെന്നാണ് അറിയേണ്ടത്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പിലേക്ക് ഭാര്യ പി.കെ.ശ്യാമളയെ കൊണ്ടുവരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും പിൻവാങ്ങിയില്ല. ജില്ലാ സെക്രട്ടേറിയറ്റിലെ മുതിർന്ന അംഗം ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ട് എതിർപാളയത്തിൽ സ്ഥാനാർഥിയായി ജയിച്ചു. ശ്യാമളയെ സ്ഥാനാർഥിയായി അടിച്ചേൽപിച്ചതിലെ പ്രതിഷേധമാണ് വോട്ടർമാർ പ്രകടിപ്പിച്ചതെന്നു വ്യക്തം. സ്ഥാനാർഥി നിർണയത്തിൽ തങ്ങൾക്കു പിഴവുപറ്റിയെന്ന് നേതൃത്വം സമ്മതിക്കുമോ? ജയം ഉറപ്പിക്കാൻ കഴിയുന്ന ഒരു മണ്ഡലവും ജില്ലയിലില്ലെന്ന തരത്തിലേക്ക് പാർട്ടിയുടെ ഉരുക്കു കോട്ടകൾ തകർന്നു. ആരുടെ താൽപര്യം സംരക്ഷിക്കാനാണ് ജനങ്ങളെ വെല്ലുവിളിച്ച് ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതെന്ന ചോദ്യം തിരഞ്ഞെടുപ്പു സമയത്തു തന്നെ അണികളുടെ മനസ്സിൽ രൂപപ്പെട്ടിരുന്നു.പരിശോധന താഴെത്തട്ടിലേക്ക് എത്തുമ്പോൾ ഇത്തരം ചോദ്യങ്ങൾക്കുള്ള സത്യസന്ധവും വിശ്വസനീയവുമായ മറുപടിയും പ്രശ്ന പരിഹാരവുമാണ് അണികൾ നേതൃത്വത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്.
Source link


