test del 3
ഹജ് ക്യാംപ് തുടങ്ങി; കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ, ആദ്യ വിമാനം വ്യാഴാഴ്ച

കോഴിക്കോട് ∙ സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ് ക്യാംപിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മേയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെടുക.ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം കൊണ്ടോട്ടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.പി. അഷ്‌റഫലി നിർവഹിച്ചു. ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ അഷ്കർ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. പ്രാർഥനയ്ക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നൽകി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ ബുധനാഴ്ച രാവിലെ ഒൻപതിന് ക്യാംപിൽ റിപ്പോർട്ട് ചെയ്തു. ആദ്യ സംഘത്തെ ഹജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.തീർഥാടകർ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിലാണ്. ഇവിടെ ലഗേജ് കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസിൽ തീർഥാടകരെ ഹജ് ക്യാംപിൽ എത്തിക്കും. തീർഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാർഥന, പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ് ഹൗസിലും വിമാനത്താവളത്തിലുമായി ഒരുക്കിയിട്ടുണ്ട്. ഹജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്. തീർഥാടകർക്ക് യാത്രാ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചുമതലകൾ നിർവഹിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലെ 20 ഉദ്യോഗസ്ഥരെ ഹജ് സെൽ അംഗങ്ങളായി നിയമിച്ചു. തൃശൂർ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മൊയ്തീൻ കുട്ടിയാണ് ഹജ് സെൽ ഓഫിസർ ചുമതല വഹിക്കുന്നത്.
Source link


