മുഖ്യമന്ത്രി ചർച്ച നീളുന്നു; അതൃപ്തിയുമായി മുസ്ലിം ലീഗ് നേതൃയോഗം

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേക്ക് കടക്കാനിരിക്കെ, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി നീളുന്നതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. വിഷയം ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര നേതൃയോഗം ചേരും. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ചർച്ചകൾ നീണ്ടുപോകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിലുള്ള അമർഷം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും. കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ ഉടൻ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം തീരുമാനിക്കും. ലീഗ് മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകൾ സംബന്ധിച്ച പ്രാഥമിക ധാരണകളിലും ചർച്ച നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
Source link


