LATEST

‘ജീർണതകൾ തിരുത്തണം, സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ട്’: വിമർശനവുമായി പി ജയരാജൻ


നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി മുതിർന്ന സി പി എം നേതാവ് പി ജയരാജൻ. കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്ന് പറയുന്ന അദ്ദേഹം അത്തരം തിരുത്തലുകൾ വേണ്ടത് പാർട്ടിക്കകത്താണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കണ്ണൂരിൽ പാർട്ടി കോട്ടയായ മണ്ഡലങ്ങളിൽപ്പോലും സി പി എം സ്ഥാനാർത്ഥികൾക്ക് വൻതോൽവി ഏറ്റുവാങ്ങേണ്ടിവന്നത് പാർട്ടി നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും തെറ്റായ നയങ്ങളും സമീപനങ്ങളും മൂലമാണെന്ന വിമർശനം പാർട്ടി അണികളിൽ നിന്ന് ശക്തമായി ഉയരുന്നതിനിടെയാണ് ഇത്തരത്തിലൊരു പോസ്റ്റുമായി പി ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയുടെ ഒതുക്കലിന് വിധേയനായ നേതാവാണ് പി ജയരാജൻ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.


Source link

Back to top button