test del 2

ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ട് വധശ്രമം; പരാജയപ്പെടുത്തിയെന്ന് അധികൃതർ; വീണ്ടും കനത്ത സുരക്ഷ


ഹേഗ്: ഡച്ച് രാജകുമാരിമാരെ ലക്ഷ്യമിട്ടുള്ള വധശ്രമം പരാജയപ്പെടുത്തിയതായി നെതർലൻഡ്‌സ് അധികൃതർ. ഡച്ച് രാജകുമാരിമാരായ കാതറിന അമാലിയ(22), സഹോദരി അലക്‌സിയ(20) എന്നിവർക്ക് നേരേയാണ് വധശ്രമമുണ്ടായത്. സംഭവത്തിൽ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ അറസ്റ്റ് ചെയ്തതായും നെതർലൻഡ്‌സ് അധികൃതർ അറിയിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാവി രാഞ്ജിയായ അമാലിയയെയും സഹോദരിയെയും ലക്ഷ്യമിട്ട് ആക്രമണശ്രമമുണ്ടായത്. നാസി ആശയങ്ങളുടെ പ്രചോദനത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാളിൽനിന്ന് ‘അലക്‌സിയ’, ‘മൊസാദ്’ തുടങ്ങിയ വാക്കുകൾ ആലേഖനംചെയ്ത രണ്ടുവാളുകളും പിടിച്ചെടുത്തിട്ടുണ്ട്. നാസി കാലഘട്ടത്തിൽ അഭിവാദ്യം ചെയ്തിരുന്ന ‘സീഗ് ഹെയ്ൽ’ എന്ന വാക്കും വാളുകളിൽ കുറിച്ചിരുന്നു. ഇതിനുപുറമേ ‘അമാലിയ’, ‘അലക്‌സിയ’ ‘രക്തച്ചൊരിച്ചിൽ’ എന്നിങ്ങനെയുള്ള വാക്കുകളടങ്ങിയ ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഹേഗിൽവെച്ച് ഫെബ്രുവരിയിൽ അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം, വധശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് ഹേഗ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ സ്വകാര്യത നിയമപ്രകാരം പ്രതിയുടെ മറ്റുവിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.വില്ലെം അലക്‌സാണ്ടർ രാജാവിന്റെയും മാക്‌സിമ രാഞ്ജിയുടെയും മക്കളാണ് അമാലിയയും അലക്‌സിയയും. ഏപ്രിൽ 27-ന് നടന്ന ‘കിങ്‌സ് ഡേ’ ആഘോഷത്തിൽ വൻ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ഇവർ പങ്കെടുത്തിരുന്നത്. ഇതിനുപിന്നാലെയാണ് ഫെബ്രുവരിയിൽ രാജകുമാരിമാർക്ക് നേരേ നടന്ന വധശ്രമത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.നെതർലൻഡ്‌സിലെ കിരീടാവകാശിയായ അമാലിയയെ ലക്ഷ്യമിട്ട് നേരത്തേ ചില തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അധികൃതർ ഇത് പരാജയപ്പെടുത്തുകയായിരുന്നു.


Source link

Back to top button