test del 3
ലോഡ് ഷെഡിങ് ഇല്ല, വൈദ്യുതി നിയന്ത്രണം മാത്രം: വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാമമാത്രമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ഉണ്ടായതെന്നും കെഎസ്ഇബി. ചൊവ്വാഴ്ച വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉൽപാദന നിലയങ്ങളില്‍ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചുവെങ്കിലും വൈദ്യുതി ആവശ്യകതയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.ഉയര്‍ന്ന ലോഡ് കാരണം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദം ഉണ്ടായാൽ അരമണിക്കൂറില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ക്ക് ഉന്നതതല യോഗം അനുമതി നല്കി എന്ന കെഎസ്ഇബിയുടെ ഔദ്യോഗിക പത്രക്കുറിപ്പിനെ ദുര്‍വ്യാഖ്യാനിച്ച് കേരളത്തില്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തി എന്ന് വാര്‍ത്ത നല്‍കിയത് തികച്ചും ഖേദകരമാണെന്നും കെഎസ്ഇബി അറിയിച്ചു.
Source link


