test del 3

കാറ്റും കുറഞ്ഞു; കത്തിക്കയറി ചൂട്; ഉന്നതമർദ മേഖലകൾ കേരളത്തിലേക്കുള്ള വായുസഞ്ചാരം തടയുന്നു


തിരുവനന്തപുരം ∙ കേരളത്തിലെ താപനില റെക്കോർഡുകൾ ഭേദിക്കുന്നതിനു പിന്നിൽ അന്തരീക്ഷത്തിലെ കുറഞ്ഞ വായുസഞ്ചാരവും കാരണമാകുന്നു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ഉന്നതമർദ മേഖലകൾ കേരളത്തിലേക്കുള്ള വായുസഞ്ചാരത്തെ ഉയർന്ന തോതിൽ തടയുന്നതായി കണ്ടെത്തി. ഉച്ചയ്ക്കു ശേഷം കടലിൽനിന്നു കരയിലേക്ക് എത്തേണ്ട തണുത്ത കാറ്റിനെ ഈ മർദമേഖലകൾ തടയുന്നതോടെ, ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരാനാകാതെ ഭൗമോപരിതലത്തിനു തൊട്ടുമുകളിൽ തങ്ങിനിൽക്കുകയാണ്. ഇതോടെ പ്രകൃതിദത്തമായ തണുപ്പിക്കൽ സംവിധാനം നിലച്ചു. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാലും വായുസഞ്ചാരമില്ലാത്തതിനാലും മനുഷ്യശരീരത്തിലെ വിയർപ്പ് ബാഷ്പീകരിച്ചു പോകുന്ന ഇവാപറേറ്റീവ് കൂളിങ് പ്രക്രിയ തടസ്സപ്പെടുകയാണ്. ഇതോടെ യഥാർഥ താപനിലയെക്കാൾ 3 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂടാണ് അനുഭവപ്പെടുന്നത്.  നഗരങ്ങൾ തീച്ചൂളകൾ  കാറ്റില്ലാത്ത അവസ്ഥ നഗരങ്ങളെയാണു കാര്യമായി ബാധിച്ചിരിക്കുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുന്ന ചൂടുവായു പുറത്തേക്കു കടക്കാത്ത ‘അർബൻ ഹീറ്റ് ഐലൻഡ്’ പ്രതിഭാസം കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ തീവ്രമാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾ പുറത്തുവിടുന്ന ചൂട് ഒരിടത്തുതന്നെ കേന്ദ്രീകരിക്കുന്നു. നഗരങ്ങളിൽ ഉച്ചസമയത്തെ കാറ്റിന്റെ വേഗം മണിക്കൂറിൽ 2–4 കിലോമീറ്റർ മാത്രമാണ്. സാധാരണ ഇത് 10–15 കിലോമീറ്റർ ആയിരുന്നു. ആവശ്യാനുസരണം വേനൽമഴ ലഭിച്ചാൽ മാത്രമേ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ നീങ്ങുകയും വായുസഞ്ചാരം പുനഃസ്ഥാപിക്കപ്പെടുകയും താപനില കുറയുകയും ചെയ്യുകയുള്ളൂ. ഈമാസം 25 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയിൽ 62 ശതമാനമാണു കുറവ്.


Source link

Back to top button