test del 2
സമാധാനചർച്ചയ്ക്കായി ഇസ്ലാമാബാദിൽ തിരിച്ചെത്തി ഇറാൻ പ്രതിനിധി സംഘം; യുഎസിന്റെ നീക്കമറിയാൻ പാകിസ്താൻ

ഇസ്ലാമാബാദ്: സമാധാനചർച്ചയ്ക്കായി ശനിയാഴ്ച യു.എസ്. പ്രതിനിധികൾ എത്തുംമുൻപേ പാകിസ്താൻ സന്ദർശനം അവസാനിപ്പിച്ച് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും ഇസ്ലാമാബാദിൽ തിരിച്ചെത്തി. ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള യു.എസ്. പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ സംഘം ഞായറാഴ്ച തിരിച്ചെത്തിയിരിക്കുന്നത്.വെള്ളിയാഴ്ചയാണ് ആദ്യം അരാഗ്ചി, മധ്യസ്ഥരാജ്യമായ പാകിസ്താനിലെത്തിയത്. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വംനൽകുന്ന സേനാമേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെടിനിർത്തൽകാര്യത്തിലെ ഇറാന്റെ നിലപാട് പാകിസ്താനോട് അദ്ദേഹം വിശദീകരിച്ചു. ഇറാൻ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടെന്ന് വിദേശകാര്യമന്ത്രി ദർ അറിയിച്ചിരുന്നു.യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്നർ എന്നിവർ ഇറാൻസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച പാകിസ്താനിലേക്കു പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇറാന്റെ ആവശ്യപ്രകാരമാണ് ഇതെന്നാണ് വൈറ്റ് ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്.എന്നാൽ, യു.എസ്. സംഘവുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാൻസംഘം മടങ്ങിയതിനു പിന്നാലെയാണ് യു.എസ്. പ്രതിനിധികളുടെ പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ് അറിയിച്ചു. ഇറാൻ പ്രതിനിധികൾ ചർച്ച ആഗ്രഹിക്കുന്നുണ്ടെന്നും അവർക്ക് എപ്പോൾവേണമെങ്കിലും യു.എസിനെ വിളിക്കാമെന്നും ട്രംപ് ‘ട്രൂത്ത്സോഷ്യലിൽ’ കുറിച്ചിരുന്നു.
Source link


