test del 1

6,6,6,6; പന്ത് ഗ്യാലറിയിൽ എത്തിച്ച് അന്നത്തെ പ്രതികാരം വീട്ടി വൈഭവ്, പ്രഫൂൽ ഹിംഗ ഒരിക്കലും മറക്കാത്ത ഓവർ

ജയ്പൂർ: രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു പ്രതികാരം വീട്ടലിന് കൂടിയാണ്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ താരം വൈഭവ് സൂര്യവൻശിയെ ബൗൺസറിലൂടെ പുറത്താക്കിയതിന്റെ പ്രതികാരം. ആദ്യ മത്സരത്തിൽ, ആദ്യ ഓവറിൽ സൂര്യവൻശിയെ ഗോൾഡൻ ഡക്കിൽ പുറത്താക്കിയ പ്രഫൂൽ ഹിംഗെ രാജസ്ഥാനിൽ എത്തിയതോടെ 15കാരന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ ആദ്യ പന്ത് യശ്വസി ജയ്സ്വാളാണ് നേരിട്ടത്. ഒരു റൺസെടുത്ത് സ്‌ട്രൈക്ക് സൂര്യവൻശിക്ക് കൈമാറിയെങ്കിലും ആദ്യ പന്തിൽ റൺസൊന്നും നേടാൻ സാധിച്ചില്ല. മൂന്നാം പന്ത് മുതൽ തുടങ്ങി വൈഭവിന്റെ പൂരം. അവസാനത്തെ നാല് പന്തുകളും സിക്സർ പായിച്ച് സൂര്യവൻശി ആ പ്രതികാരം അങ്ങ് തീർത്തു. കളി കണ്ടവർ പറയും വൈഭവിന്റെ എക്കാലത്തെയും ക്ലാസിക് ഷോട്ടുകളിൽ ചിലതായിരുന്നു അതെന്ന്.

പിന്നീട് തുരുതുരാ ഷോട്ടുകൾ ഉയർത്തിയ സൂര്യവൻശി 15 ബോളിൽ അർദ്ധ സെഞ്ച്വറി തികച്ചു. 37 പന്തുകളിൽ അഞ്ച് ബൗണ്ടറികളുടേയും 12 സിക്സുകളുടെയും അകമ്പടിയോടെ 103 റൺസാണ് വൈഭവ് നേടിയത്. വൈഭവിന്റെ സെഞ്ച്വറിയുടേയും ധ്രുവ് ജുറേലിന്റെ (51)അർദ്ധസെഞ്ച്വറിയുടേയും മികവിൽ ജയ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 228 എന്ന സ്‌കോർ ഉയർത്തി. എന്നാൽ മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് ഇഷാൻ കിഷൻ (77), അഭിഷേക് ശർമ്മ (57),നിതീഷ് കുമാർ റെഡ്ഡി (36), ഹെന്റിച്ച് ക്ളാസൻ (29) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലേക്ക് എത്തുകയായിരുന്നു.

മൂന്നാം ഓവറിൽ യശസ്വി ജയ്സ്വാളിനെ നഷ്ടമായ രാജസ്ഥാന് വേണ്ടി വൈഭവും ധ്രുവും ചേർന്ന് 112 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. വൈഭവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയും ഐ.പി.എൽ കരിയറിലെ രണ്ടാം സെഞ്ച്വറിയുമാണ്. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 101 റൺസ് നേടിയിരുന്നു. ഈ സീസണിൽ രണ്ട് അർദ്ധസെഞ്ച്വറികളും ഉൾപ്പടെ എട്ടുമത്സര ങ്ങളിൽ നിന്ന് ഇതിനകം 357 റൺസ് വൈഭവ് നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപ്പും വൈഭവിന്റെ ശിരസിലാണ്.


Source link

Back to top button