LATEST

ചൂടിനും പാമ്പിനുമൊപ്പം അമീബിക്ക് മസ്തിഷ്‌ക ജ്വരത്തെയും സൂക്ഷിക്കണം, വേനൽക്കാലത്ത് സാദ്ധ്യത കൂടുതലെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പരിശോധനകള്‍ കൂടി നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്തിഷ്‌ക ജ്വരത്തിന്റെ രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളത്തില്‍ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവ മൂലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ചൂടേറിയ തടാകങ്ങള്‍, കുളങ്ങള്‍, മലിനമായ നീന്തല്‍ കുളങ്ങള്‍ എന്നിവയില്‍ ഇത് കണ്ടുവരാന്‍ സാദ്ധ്യതയുണ്ട്. ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് മസ്തിഷ്‌കത്തെ ബാധിക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ക്ക് ദേഹത്തുള്ള മുറിവുകളിലൂടെയും അക്കാന്തമീബ നാഡീ വ്യൂഹത്തേയും മസ്തിഷ്‌ക്കത്തേയും ബാധിക്കുവാനുള്ള സാദ്ധ്യതയുണ്ട്. അതിനാല്‍ പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാര്‍ ശുദ്ധമായ ജലത്തില്‍ മാത്രമേ കൈയ്യിലും കാലുകളിലുമുള്ള വ്രണങ്ങള്‍ വൃത്തിയാക്കാന്‍ പാടുള്ളൂ.


Source link

Back to top button